ലിംഗനീതിയും സമത്വവും മാധ്യമ സ്ഥാപനങ്ങളിൽ ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്
ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം

തിരുവനന്തപുരം : മറ്റുള്ളവരുടെ നീതിക്കു വേണ്ടി വാദിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ സ്വന്തം സ്ഥാപനത്തിൽ നേരിടുന്ന നീതി നിഷേധം കാണാതെ പോകരുതെന്നും മാധ്യമസ്ഥാപനങ്ങൾ ലിംഗനീതിയും സമത്വവും ഉറപ്പുവരുത്തണമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതാപ്രാതിനിധ്യം വർധിച്ചിട്ടുകൂടി മാധ്യമ സ്ഥാപനങ്ങൾക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വനിതാമാധ്യമപ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ മാധ്യമരംഗത്തെ ലിംഗസമത്വവും ലിംഗനീതിയും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന വനിതാ മാധ്യമപ്രവർത്തകരടക്കം പങ്കെടുക്കുന്ന ഈ വേദിയിൽ അത്തരം ചർച്ചകൾ നടക്കുമെന്നുതന്നെയാണ് കരുതുന്നത്. മാധ്യമ പ്രവർത്തന രംഗത്ത്, പ്രത്യേകിച്ച് ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ വരവോടെ വനിതകളുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ തീരുമാനങ്ങളെടുക്കുന്നതിൽ സ്ത്രീകളുടെ സാന്നിധ്യം വേണ്ട പോലെ ഇല്ല.
സമൂഹത്തിലെ അനീതികൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ തൊഴിലിടങ്ങളിൽ നിസഹായരായിപ്പോകുന്ന അവസ്ഥയുണ്ടാകരുത്. തൊഴിലിടങ്ങളിൽ നിയമപരമായി ഉണ്ടാകേണ്ട ആഭ്യന്തരസമിതി എത്ര മാധ്യമസ്ഥാപനങ്ങളിലുണ്ടെന്നത് പരിശോധിക്കണം. 2025 മാർച്ചോടെ എല്ലാ സ്ഥാപനങ്ങളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര സമിതികൾ രൂപികരിച്ച് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ രണ്ടു മുഖ്യധാരാമാധ്യമങ്ങളടക്കം പത്തുമാധ്യമ സ്ഥാപനങ്ങൾ മാത്രമാണ് ഇതുവരെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി.
കെ. കല്യാണികുട്ടിയമ്മയും എ. വി. കുട്ടിമാളു അമ്മയും യശോദ ടീച്ചറും ഹലീമബീവിയുമടക്കമുള്ളവരുടെ ധീരചരിത്രം നമുക്ക് മുന്നിലുണ്ട്. എന്നാൽ വനിതാ മാധ്യമ പ്രവർത്തകരുടെ സംഭാവനകളും ചരിത്രവും വേണ്ട രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയ്ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിൽ രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ തലത്തിൽ ദേശീയ വനിതാ മാധ്യമ കോൺക്ലേവ് സംഘടിപ്പിച്ച ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.
വിവിധ വിഷയങ്ങളിൽ സ്ത്രീകൾ ഉയർത്തുന്ന ശബ്ദം സമൂഹം ഏറെ പ്രാധാന്യത്തോടെ ശ്രദ്ധിക്കണമെന്നും സ്ത്രീകൾ ഒന്നിന്റെയും പേരിൽ മാറ്റി നിർത്തപ്പെടേണ്ടതില്ലെന്നും മുഖ്യപ്രഭാഷണത്തിൽ മാധ്യമ പ്രവർത്തക മായ ശർമ പറഞ്ഞു. സ്ത്രീ സൗഹൃദ നയം മാധ്യമ സ്ഥാപനങ്ങളിലുണ്ടാകണം. തൊഴിലിടങ്ങളിൽ ലിംഗ സമത്വം ഉറപ്പുവരുത്തണം. ജോലിയുടെ കാര്യത്തിൽ സമൂഹത്തിൽ വേർതിരിവ് നിലനിൽക്കുന്നുണ്ട്. ഇതിന് മാറ്റമുണ്ടാകണം. കഴിവിന്റെ അടിസ്ഥാനത്തിൽ അവസരങ്ങൾ നൽകേണ്ട സാഹചര്യം ഒരുക്കണമെന്നും അവർ പറഞ്ഞു.
പ്രത്യേക മുദ്രണം ചാർത്തി വനിതാ മാധ്യമ പ്രവർത്തകരെ പിൻതള്ളുന്നത് ജനാധിപത്യവിരുദ്ധ സമീപനമാണെന്ന് മുഖ്യപ്രഭാഷണത്തിൽ മാധ്യമപ്രവർത്തകയായ റാണ ആയൂബ് പറഞ്ഞു. മികവോടെ പ്രവർത്തിക്കുന്നവരുടെ കഴിവുകൾ അംഗീകരിക്കപ്പെടാത്ത പ്രവണത മാധ്യമലോകത്താകമാനം ഉണ്ട്. തുല്യരാണെന്ന പരിഗണനയില്ലാതെ സ്ത്രീകൾ എല്ലാ തരത്തിലും സമൂഹ മാധ്യമങ്ങളിൽ നിശിതമായി വിമർശിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ഹേമകമ്മിറ്റിയുടെ ചുവടുവയ്പ്പ് സ്വാഗതാർഹമാണ്. ഈ മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കും അനുകരണീയമാണ്. പുരോഗമന ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന കേരളത്തിൽ കൂടുതൽ സ്ത്രീകൾ എല്ലാ തലത്തിലും അഭിമാനത്തോടെ മുന്നിട്ടിറങ്ങണമെന്നും അവർ വ്യക്തമാക്കി.