കേരളത്തിൽ റാഗിങിന് അറുതി വരുത്താൻ ആന്റി റാഗിങ് സംവിധാനമൊരുക്കും; മന്ത്രി ഡോ. ആർ.ബിന്ദു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരുടെ യോഗം ഉടൻ

തിരുവനന്തപുരം :സംസ്ഥാനതലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ആന്റി റാഗിംഗ് സംവിധാനമൊരുക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരുടെ യോഗം ഉടൻ ചേരും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആന്റി റാഗിങ് സെല്ലുകൾ സജീവമായി പ്രവർത്തിക്കണമെന്ന് നിരന്തരം നിർദേശം നൽകാറുണ്ട്. ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ആന്റി റാഗിങ് സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്.
ഏതെങ്കിലും തരത്തിൽ ഒരു ദുരനുഭവം വിദ്യാർത്ഥിക്ക് ക്യാമ്പസിൽ ഉണ്ടായാൽ അത് ആന്റി റാഗിങ് സെല്ലിനോടോ,അധ്യാപകരോടോ പ്രിൻസിപ്പലിനോടോ തുറന്നു പറയാനോ വിദ്യാർത്ഥികൾ ധൈര്യമായി തയ്യാറാകണം. അത് തക്കസമയത്ത് ഇടപെടാനും കൂടുതൽ ദൗഭാഗ്യകരമായ സംഭവങ്ങൾക്ക് തടയിടാൻ സഹായിക്കും. ഇതിനായി വലിയ ബോധവത്ക്കരണം വിദ്യാർത്ഥികൾക്ക് നൽകേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ഇന്നലെ സംഭവിച്ചിട്ടുള്ള റാഗിങുമായി ബന്ധപ്പെട്ട വിഷയം വന്നിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ റാഗിങ് വിരുദ്ധ ഒരു സംവിധാനം ഒരുക്കും.