മദ്യം മോഷ്ടിക്കുന്നത് തടയാൻ പുതിയ നീക്കവുമായി ബെവ്ക്കോ; മദ്യക്കുപ്പികളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക്
100 രൂപയക്ക് മുകളിൽ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ( ആർ എഫ് ഐ ഡി ) ലോക്ക് ഘടിപ്പിക്കുന്നത്

തിരുവനന്തപുരം : മദ്യം മോഷ്ടിക്കുന്നത് തടയാൻ പുതിയ നീക്കവുമായി ബെവ്ക്കോ. മദ്യക്കുപ്പികളില് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. കുപ്പികൾ ലോക്കിട്ട് പൂട്ടിയാകും ഷെൽഫിൽ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക് അഴിച്ചതിന് ശേഷം ആവശ്യക്കാർക്ക് കുപ്പി നൽകും. ആരെങ്കിലും ലോക്ക് നീക്കാതെ മദ്യക്കുപ്പിയുമായി കടക്കാൻ ശ്രമിച്ചാൽ പുറംവാതിലിൽ സ്ഥാപിച്ചിട്ടുള്ള സെൻസർ ശബ്ദമുണ്ടാക്കും.
100 രൂപയക്ക് മുകളിൽ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ( ആർ എഫ് ഐ ഡി ) ലോക്ക് ഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ വിൽപന നടത്തുന്നതും അറുപതിനായിപം രൂപയുടെ മദ്യം മോഷണം പോയതുമായ തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റിലാണ് ആദ്യ പരീക്ഷണം നടത്തുന്നത്.
ഒരു മാസത്തിന് ശേഷം എല്ലാ പ്രീമിയം ഔട്ട്ലെറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സി എം ഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
പോലീസിവെ പരാതികൾ മാത്രം കണക്കിലെടുത്താൽ ബെവ്കോയ്ക്ക് നാല് ലക്ഷം രൂപയുടെ മദ്യമാണ് നഷ്ടപ്പെട്ടത്. വ്യാജമദ്യം വിൽക്കുന്നത് തടയാനായി ഏപ്രിൽ മുതൽ കുപ്പികളിൽ ക്യൂ ആർ കോഡ് സ്ഥാപിക്കാനും തീരുമാനമായി