ജോസ്‌മോൻ മുണ്ടയ്ക്കൽ, തന്റെ മാതൃകാ ഭവനപദ്ധതിയായ 'സ്‌നേഹദീപം' കുറവിലങ്ങാട് ഡിവിഷനിലേക്കും
ഒരു പഞ്ചായത്തിൽ നിന്നും പ്രതിമാസം 1,000 രൂപ നൽകാൻ തയ്യാറുള്ള 300 സുമനസ്സുകളെ കണ്ടെത്തി, കുറവിലങ്ങാട്, മാഞ്ഞൂർ, മരങ്ങാട്ടുപള്ളി, കാണക്കാരി, കടപ്ലാമറ്റം എന്നീ അഞ്ച് പഞ്ചായത്തുകളിലായി 1,500 പേരെ ഏകോപിപ്പിച്ച് സെപ്റ്റംബറിൽ പുതിയ വീടുകളുടെ നിർമ്മാണം ആരംഭിക്കാനാണ് ജോസ്‌മോൻ മുണ്ടയ്ക്കൽ ലക്ഷ്യമിടുന്നത്
കോട്ടയം :കിടങ്ങൂർ ഡിവിഷനിൽ 65 കുടുംബങ്ങൾക്ക് വീടൊരുക്കി ശ്രദ്ധേയനായ ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, തന്റെ മാതൃകാ ഭവനപദ്ധതിയായ 'സ്‌നേഹദീപം' കുറവിലങ്ങാട് ഡിവിഷനിലേക്കും വ്യാപിപ്പിക്കുന്നു. ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ഓണറേറിയം പൂർണ്ണമായും ഭവനരഹിതർക്കായി മാറ്റിവെച്ചുകൊണ്ടാണ് അദ്ദേഹം ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്; കഴിഞ്ഞ ടേമിലും അദ്ദേഹം തന്റെ ഓണറേറിയം ഈ പദ്ധതിക്കായി നൽകിയിരുന്നു. ഒരു പഞ്ചായത്തിൽ നിന്നും പ്രതിമാസം 1,000 രൂപ നൽകാൻ തയ്യാറുള്ള 300 സുമനസ്സുകളെ കണ്ടെത്തി, കുറവിലങ്ങാട്, മാഞ്ഞൂർ, മരങ്ങാട്ടുപള്ളി, കാണക്കാരി, കടപ്ലാമറ്റം എന്നീ അഞ്ച് പഞ്ചായത്തുകളിലായി 1,500 പേരെ ഏകോപിപ്പിച്ച് സെപ്റ്റംബറിൽ പുതിയ വീടുകളുടെ നിർമ്മാണം ആരംഭിക്കാനാണ് ജോസ്‌മോൻ മുണ്ടയ്ക്കൽ ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ കർശന മേൽനോട്ടത്തിൽ, സുതാര്യത ഉറപ്പാക്കാൻ രൂപീകരിക്കുന്ന 'സ്‌നേഹദീപം ചാരിറ്റബിൾ സൊസൈറ്റി'കളിലൂടെയും വാട്‌സാപ്പ് കൂട്ടായ്മകളിലൂടെയും കൃത്യമായ വരവ്-ചെലവ് കണക്കുകൾ ജനങ്ങളെ അറിയിക്കും. മാരകരോഗബാധിതർക്കും വിധവകൾക്കും നിർധനർക്കുമായി നാല് ലക്ഷം രൂപ ചെലവിൽ 550 ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾ നിർമ്മിച്ചുനൽകുന്ന ഈ പദ്ധതിയുടെ രൂപീകരണ യോഗങ്ങൾ ഓഗസ്റ്റ് 15, 18 തിയതികളിലായി വിവിധയിടങ്ങളിൽ അദ്ദേഹം വിളിച്ചുചേർത്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 75 വീടുകൾ നിർമ്മിച്ചതിന്റെയും, രണ്ടേമുക്കാൽ കോടി രൂപയും ഒന്നര ഏക്കറോളം ഭൂമിയും ജീവകാരുണ്യത്തിനായി സമാഹരിച്ചതിന്റെയും വിജയത്തിളക്കവുമായാണ് ജോസ്‌മോൻ മുണ്ടയ്ക്കൽ കുറവിലങ്ങാട് ഡിവിഷനിലും പ്രതീക്ഷയുടെ പുതിയ വാതിലുകൾ തുറക്കുന്നത്.


