തൃശൂര്‍ നഗരം പൂര ലഹരിയില്‍
പൂര ലഹരിയില്‍ തൃശൂര്‍ നഗരം; ആഘോഷത്തിമര്‍പ്പില്‍ നാടും നഗരവും
തൃശൂര്‍ :തൃശൂര്‍ നഗരം പൂര ലഹരിയില്‍. വൈവിധ്യമാര്‍ന്ന പൂരക്കാഴ്ചകള്‍ കാണാന്‍ ജനസഹസ്രങ്ങളാണ് ശക്തന്റെ തട്ടകത്തിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുംനാഥന്റെ സന്നിധിയിലെത്തിയത്. അതിനു പിന്നാലെ മറ്റു ഘടകപൂരങ്ങളും പൂരനഗരിയിലെത്തി.പൂരത്തില്‍ പങ്കാളിയല്ലെങ്കിലും വടക്കുംനാഥന്റെ നടയിലാണ് പൂരത്തിന്റെ ചടങ്ങുകള്‍ മുഴുവനും നടക്കുന്നത്. പൂരദിനമായ വെള്ളിയാഴ്ച രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുംനാഥന്റെ സന്നിധിയില്‍ എത്തിയത്. തെക്കേ ഗോപുര നടയിലൂടെ വടക്കുന്നാഥ ക്ഷേത്രത്തില്‍ പ്രവേശിച്ച കണിമംഗലം ശാസ്താവ് വടക്കും നാഥനെ വണങ്ങി ശ്രീമൂലസ്ഥാനത്ത് മേളം കഴിഞ്ഞ് മടങ്ങി.ഘടക പൂരങ്ങള്‍ ഓരോന്നായി മടങ്ങുന്നതിന് പിന്നാലെയാണ് പ്രധാന പങ്കാളികളായ തിരുമ്പാടിയും പാറമേക്കാവും വടക്കുംനാഥ സന്നിധിയില്‍ എത്തുന്നത്. പാറമേക്കാവ് പഞ്ചവാദ്യവും, മഠത്തില്‍ വരവ് പഞ്ചവാദ്യവും, കഴിഞ്ഞാല്‍ പിന്നെ ഇലഞ്ഞിത്തറ മേളം, കുടമാറ്റം, അതിനുശേഷം ഘടക പൂരങ്ങള്‍ രാത്രി ആവര്‍ത്തിക്കും. പിന്നെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പാണ്.