തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍

Nov 13, 2025
തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍
district collector

കോട്ടയം:  തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

സ്ഥാനാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും പരാതികളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുമായി  ജില്ലാ കളക്ടര്‍ ചെയര്‍മാനായി
മോണിട്ടറിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്.

 തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സമിതി കണ്‍വീനറും ജില്ലാ പോലീസ് മേധാവി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്.

നവംബര്‍ 10ന് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തുടരും.

പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
 
*ജാതികളും സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല.

*മറ്റു രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും ഒതുങ്ങുന്നതായിരിക്കണം. അവരുടെ സ്വകാര്യ ജീവിതം പരാമര്‍ശിക്കരുത്.

* ജാതിയുടെയും സമുദായത്തിന്റെയും  പേരില്‍ വോട്ട് തേടാന്‍ പാടില്ല. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രചാരണവേദിയായി ഉപയോഗിക്കരുത്.

*സമ്മതിദായകര്‍ക്ക് പണമോ പാരിതോഷികമോ നല്‍കരുത്.

*വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അനുവാദം കൂടാതെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്.

* സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ചുവരെഴുത്ത്, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയവ പാടില്ല.

* പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുത്.

* ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തരുത്.

* തിരഞ്ഞെടുപ്പുദിവസം പഞ്ചായത്തുകളില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭകളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ സ്ഥാനാര്‍ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ.
 ഈ ദൂരപരിധിക്കുള്ളില്‍ വോട്ട് അഭ്യര്‍ഥിക്കരുത്.

*സമ്മതിദായകരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ കക്ഷികളോ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ല.

പെരുമാറ്റച്ചട്ട ലംഘനം: പരാതി നല്‍കാം

കോട്ടയം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല മോണിട്ടറിംഗ് സമിതിക്ക് നല്‍കാം. സമിതി കണ്‍വീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ [email protected]. എന്ന ഇ- മെയിലിലോ നല്‍കാം. ഫോണ്‍-0481 2560282.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.