കോളേജ് വിദ്യാർത്ഥികൾക്കായി ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് വകുപ്പിൻ്റെ ഓഡിറ്റ് ദിന ക്വിസ് മത്സരം
തിരുവനന്തപുരം: 11 നവംബർ 2025
കംപ്ട്രോളർ & ഓഡിറ്റർ ജനറലിന്റെ (C&AG) കീഴിലുള്ള ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് വകുപ്പ് ആരംഭിച്ചതിന്റെ സ്‌മരണാർത്ഥം കേരളത്തിലെ IA&AD ഓഫീസുകൾ ഓഡിറ്റ് ദിനം 2025 ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇതിൻ്റെ ഭാഗമായി, കോളേജ് വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ രണ്ടാം പതിപ്പ് QRIOUS 2025 നവംബർ 25 ന് നടക്കും. തിരുവനന്തപുരം വഴുതക്കാടുള്ള ടാഗോർ തിയേറ്ററിൽ രാവിലെ ഒൻപത് മണിക്ക് മത്സരം ആരംഭിക്കും. 25 വയസ്സിന് താഴെയുള്ള കോളേജ് വിദ്യാർത്ഥികൾക്ക് (01.11.2025 ലെ പ്രായം അടിസ്ഥാനമാക്കി) പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ഒരേ കോളജിൽ നിന്നുള്ള രണ്ട് അംഗ ടീമുകൾ രൂപീകരിക്കണം. രജിസ്ട്രേഷൻ ഫീസില്ല. സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടെ വിജയികൾക്ക് 50,000/- രൂപയാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്നതിന് കോളേജ് ഐഡി കാർഡുകൾ നിർബന്ധമായും കൊണ്ടു വരേണ്ടതാണ്. ഉത്തരങ്ങൾ എഴുതി നൽകുന്ന പ്രാഥമിക റൗണ്ട്, എട്ട് ടീമുകൾക്കുള്ള രണ്ട് സെമി-ഫൈനലുകൾ (ബസർ), നാല് ടീമുകളടങ്ങിയ ഗ്രാൻഡ് ഫൈനൽ എന്നിങ്ങനെ മൂന്ന് റൗണ്ടുകൾ ഉൾപ്പെടുത്തിയാണ് മത്സര ഘടന.


