നവംബറിൽ തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് ടെക്നോളജി റൗണ്ട് ടേബിൾ നടത്തും: മന്ത്രി പി രാജീവ്
ബിഎംഡബ്ല്യു പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി
 
                                    തിരുവനന്തപുരം :നവംബറിൽ തിരുവനന്തപുരത്ത് ബിഎംഡബ്ല്യു അടക്കമുള്ള കമ്പനികളുമായി സഹകരിച്ച് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ സംബന്ധിച്ച റൗണ്ട് ടേബിൾ കോൺഫറൻസ് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബിഎംഡബ്ല്യു പ്രതിനിധികളുമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാറും കെഎസ് ഐഡിസിയും. ഇതിന്റെ ഭാഗമായാണ് ബിഎംഡബ്ല്യു പ്രതിനിധികളുമായി പ്രാഥമിക ചർച്ച നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ബി എം ഡബ്ല്യു അടക്കമുള്ള കമ്പനികൾക്ക് ഓട്ടോമോട്ടീവ് സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചുനൽകുന്ന കേരള കമ്പനിയായ ആക്സിയ ടെക്നോളജീസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് തിരുവനന്തപുരം ചാർട്ടറുമായി സഹകരിച്ചാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ബിഎംഡബ്ല്യുവിനെക്കൂടാതെ ജർമ്മൻ, സ്വീഡിഷ് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ കമ്പനികളും പങ്കെടുക്കും.
കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് സന്നദ്ധരായി ലോകത്തെമ്പാടമുള്ള നിരവധി പ്രമുഖ സാങ്കേതികവിദ്യ കമ്പനികൾ മുന്നോട്ടുവരുന്നതായി മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും വലിയ വ്യവസായ വികസനം നടക്കുകയാണ്. കേരളം വ്യവസായ രംഗത്ത് മുന്നേറുന്ന സാഹചര്യം സംരംഭകരിലും വലിയ ആത്മവിശ്വാസമാണ് പകരുന്നത്. കൊച്ചിയെ ജനറേറ്റീവ് എഐ ഹബ്ബും ആലപ്പുഴയെ മാരിടൈം ഹബ്ബുമാക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. ഇടുക്കിയും വയനാടും അടക്കമുള്ള ജില്ലകളിൽ നിക്ഷേപം വരുന്നുണ്ട്. 50000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് സമീപകാലത്തുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി. ബി എം ഡബ്ല്യു മുൻ വിദഗ്ധനും ആക്സിയ സ്ട്രാറ്റജിക് അഡ്വൈവസറുമായ സ്റ്റെഫാൻ ജുറാഷേക് കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള വിവിധ സാധ്യതകൾ ആരാഞ്ഞു. മൂന്ന് പതിറ്റാണ്ട് ബി എം ഡബ്ല്യൂവിൽ ഇലക്ട്രിക് മൊബിലിറ്റി, വെഹിക്കിൾ ഡൈനാമിക്സ്, ഇലക്ട്രിക് പവർട്രെയിൻ തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള സ്റ്റെഫാൻ കമ്പനിയുടെ ഗവേഷണ, വികസന വിഭാഗം വൈസ് പ്രസിഡന്റുമായിരുന്നു. ബി എം ഡബ്ല്യു പ്രതിനിധികളായ ക്രിസ്റ്റീന ഹെയ്ൻ, ഹെർമൻ ഫെരേര, ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോൻ ചന്ദ്രൻ, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും ഓൺലൈനായും ഓഫ്‌ലൈനായും ചർച്ചകൾ തുടരുമെന്നും വ്യവസായ, വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർച്ചകൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            