കെ ആർ നാരായണൻ്റെ ഓർമ്മയ്ക്കായി തപാൽ സ്റ്റാമ്പ് യാഥാർത്ഥ്യമാകുന്നു
പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികൾക്കു തുടക്കമായി. ഈ ആവശ്യമുന്നയിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരം രാജ്ഭവനിൽ വച്ച് 21 ന് നിവേദനം നൽകിയിരുന്നു. ഈ നിവേദനം നടപടികൾക്കായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കൈമാറിയതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ രാഷ്ട്രപതി ഭവൻ രേഖാമൂലം അറിയിച്ചു.
കെ ആർ നാരായണൻ്റെ ഓർമ്മ നിലനിർത്താൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിലൂടെ സാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തപാൽ സ്റ്റാമ്പിനൊപ്പം നാണയവും കെ ആർ നാരായണൻ്റെ പേരിൽ പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു. ആർ അജിരാജ്കുമാർ, അഡ്വ ജെ ആർ പത്മകുമാർ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
കെ ആർ നാരായണൻ ഫൗണ്ടേഷൻ കെ ആർ നാരായണൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ മൈ സ്റ്റാമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. പ്രാദേശിക തലത്തിൽ തപാൽ വകുപ്പ് നടപ്പാക്കി വരുന്നതാണ് മൈ സ്റ്റാമ്പ് പദ്ധതി. കെ ആർ നാരായണൻ്റെ ഇരുപതാം ചരമവാർഷികം കഴിഞ്ഞ ദിവസമാണ് ആചരിച്ചത്.
ഫോട്ടോ അടിക്കുറിപ്പ്
കെ ആർ നാരായണൻ്റെ പേരിൽ പ്രതീകാത്മകമായി തയ്യാറാക്കിയ തപാൽ സ്റ്റാമ്പ് (എ ഐ മുഖേന നിർമ്മിച്ചത്)


