ദുബായ് കേന്ദ്രത്തിലെ കീം പരീക്ഷ ആരംഭിക്കുക ജൂൺ ആറിന്.
മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള മറ്റുകേന്ദ്രങ്ങളിലെല്ലാം ജൂൺ അഞ്ചിനുതന്നെ പരീക്ഷ തുടങ്ങും
തിരുവനന്തപുരം: ദുബായ് കേന്ദ്രത്തിലെ കീം പരീക്ഷ ആരംഭിക്കുക ജൂൺ ആറിന്. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള മറ്റുകേന്ദ്രങ്ങളിലെല്ലാം ജൂൺ അഞ്ചിനുതന്നെയും പരീക്ഷ തുടങ്ങും. ബി.ഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂൺ ആറിന് ഉച്ചയ്ക്ക്‌ശേഷം 3.30മുതൽ അഞ്ചുവരെ നടക്കും. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.സംസ്ഥാന, ജില്ലാ തലത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവെക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ 10-ന് നടത്തുന്ന രീതിയിൽ ക്രമീകരണങ്ങളുമൊരുക്കിയിട്ടുണ്ട്.സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കും.മഴ കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യു.പി.എസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
- രാവിലെ 7.30-ന് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ടുചെയ്ത് ബയോമെട്രിക് വിവരങ്ങൾ നൽകണം.
- 9.30-നു ശേഷം പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല
- രാവിലെ 9.45ന് വിദ്യാർഥികളുടെ ലോഗിൻ വിൻഡോയിൽ 15 മിനിട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും; ടൈമർ സീറോയിൽ എത്തുമ്പോൾ പരീക്ഷ ആരംഭിക്കും
- ബി.ഫാം പ്രവേശനത്തിനുള്ള വിദ്യാർഥികൾ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോർട്ട് ചെയ്യണം
- പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് കാൻഡിഡേറ്റ് പോർട്ടലിലുണ്ട്
- അഡ്മിറ്റ് കാർഡിനോടൊപ്പംതിരിച്ചറിയൽരേഖകൂടി ഹാജരാക്കണം.