ശസ്ത്രക്രിയയിൽ അനാസ്ഥ; രോഗിക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്
വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ മെഡിക്കൽ അനാസ്ഥ കണ്ടെത്തിയതിനെത്തുടർന്ന് രോഗിക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ശസ്ത്രക്രിയയ്ക്കുശേഷം ലേസർ ചെയ്ത ഭാഗത്ത് രോഗിക്ക് അണുബാധയും ഗുരുതര ബുദ്ധിമുട്ടുകളും ഉണ്ടായ സംഭവത്തിലാണ് നടപടി. ഡോക്ടറും ബന്ധപ്പെട്ട ആശുപത്രികളും ചേർന്ന് ഒരു ലക്ഷം രൂപ ചികിത്സാ ചെലവിനും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരത്തിനും 25,000 രൂപ കേസ് ചെലവിനും നൽകണം. 30 ദിവസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ ഈ തുകയ്ക്ക് ഒൻപത് ശതമാനം പലിശ നൽകണം. 2023 ജൂൺ 15ന് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. വിവേക് റാം കെ പി എസ് നടത്തിയ എൻഡോവീനസ് ലേസർ ചികിത്സയ്ക്കു ശേഷമാണ് രോഗിക്ക് പൊള്ളൽ പോലുള്ള ബ്ലിസ്റ്റർ, ഉയർന്ന ജ്വരം, അണുബാധ എന്നിവ ഉണ്ടായത്. തുടർന്ന് മറ്റു ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്നു. ഇൻഹോംഡ് കൺസെന്റ് രേഖയിൽ സാധ്യതയുള്ള പ്രശ്‌നങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും പോസ്റ്റ് ഓപ്പറേറ്റീവ് പരിചരണം മതിയായിരുന്നില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. സമിതി പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി സജീഷ് എന്നിവരടങ്ങുന്ന കണ്ണൂർ ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ബെഞ്ചാണ് നഷ്ട പരിഹാരത്തിന് ഉത്തരവിട്ടത്.


