ചന്ദനക്കുടം ആഘോഷം ഇന്ന്; എരുമേലി പേട്ടതുള്ളൽ നാളെ
എരുമേലി: ചന്ദനക്കുടം ആഘോഷം ഇന്നു നടക്കും. വൈകുന്നേരം ആറിന് അമ്പലപ്പുഴ സംഘവുമായി സൗഹൃദ സമ്മേളനത്തിനു ശേഷം നൈനാർ മസ്ജിദ് വളപ്പിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി റോഷി അഗസ്റ്റിൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് ഉൾപ്പെടെ ജനപ്രതിനിധികളും സാമുദായിക നേതാക്കളും പ്രസംഗിക്കും. രാത്രി മുതൽ പുലരുംവരെ നീളുന്ന ആഘോഷത്തിൽ നാടൊന്നാകെ പങ്കെടുക്കും. ദൃശ്യ കലാ വിരുന്നുകളും നാടൻകലകളും മേളങ്ങളും ഇശൽ ഗാനമേളയും ഘോഷയാത്രയ്ക്ക് മിഴിവേകും.
ഘോഷയാത്രയെ കൊച്ചമ്പലത്തിലും വലിയമ്പലത്തിലും പേട്ടക്കവലയിലും പോലീസ് സ്റ്റേഷൻ, കെഎസ്ആർടിസി, ഉൾപ്പടെ ജില്ലാ ഭരണകൂടം, പോലീസ്, ആരോഗ്യ വകുപ്പ്, ദേവസ്വം ബോർഡ്, വ്യാപാരി സംഘടനകളടക്കം സ്വീകരിക്കും.
പേട്ടതുള്ളൽ നാളെ
എരുമേലി: അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളൽ നാളെ. അയ്യപ്പഭക്തരും വിശ്വാസികളും ഉൾപ്പെടെ പതിനായിരങ്ങളാണ് നാളെ പേട്ടതുള്ളൽ ദർശിക്കാൻ എരുമേലിയിൽ എത്തുക.
പേട്ടതുള്ളലിന് അഭിവാദ്യങ്ങൾ അറിയിക്കുന്ന ചന്ദനക്കുടം ആഘോഷം ഇന്ന് രാത്രിയിൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കും.
നാളെ ക്ഷേത്രത്തിൽ അന്നദാനം മുസ്ലിം ജമാഅത്താണ് നടത്തുക. പേട്ടതുള്ളൽ സംഘങ്ങൾക്ക് ഒരു ആനയെ ജമാഅത്തും ഒരു ആനയെ ദേവസ്വം ബോർഡും നൽകും. മതസൗഹാർദത്തിന്റെ മഹനീയ കാഴ്ചകൂടിയാണ് പേട്ടതുള്ളൽ. അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധത്തിന്റെ അനുസ്മരണമായി പേട്ടതുള്ളൽ സംഘങ്ങളെ മുസ്ലിം ജമാഅത്ത് പുഷ്പങ്ങൾ വിതറി സ്വീകരിക്കും.
അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ പേട്ടതുള്ളലിൽ ഭഗവാന്റെ തിടമ്പേറ്റിയെത്തുന്ന ആന മുസ്ലിം പള്ളിയിൽ കയറി വലംവയ്ക്കും. അമ്പലപ്പുഴ സംഘം പള്ളിയിൽ കയറി പ്രദക്ഷിണം വച്ചിറങ്ങുന്നത് ജമാഅത്ത് നൽകുന്ന വാവരുടെ പ്രതിനിധിയെ ഒപ്പം കൂട്ടിയാണ്.
ആകാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നത് കണ്ടാണ് അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ തുടങ്ങുക. ഉച്ചയ്ക്ക് വെള്ളി നക്ഷത്രം ആകാശത്ത് കണ്ടാണ് അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘം പേട്ടതുള്ളൽ ആരംഭിക്കുക.
വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുൻനിർത്തി ആലങ്ങാട് സംഘം മസ്ജിദിൽ കയറില്ലെങ്കിലും കവാടത്തിന് മുമ്പിൽനിന്ന് ആദരവർപ്പിക്കും. ചന്ദനക്കുടം, പേട്ടതുളളൽ മുൻനിർത്തി വിപുലമായ സുരക്ഷാസന്നാഹങ്ങളും ക്രമീകരണങ്ങളും ഒരുക്കിയെന്ന് എസ്പി ഷാഹുൽ ഹമീദ് അറിയിച്ചു. ജില്ലാ കളക്ടർ സ്ഥലത്തെത്തി മേൽനോട്ടം വഹിക്കും.
ആയിരത്തോളം പോലീസുകാർ ഡ്യൂട്ടിയിലുണ്ടാകും. ഗതാഗതം തടയാതെ വൺവേയും നിയന്ത്രണവും ഏർപ്പെടുത്തിയാണ് ട്രാഫിക് ക്രമീകരിക്കുകയെന്ന് പോലീസ് അറിയിച്ചു.