എരുമേലി-മുക്കുഴി കാനനപാതയിൽ നാളെമുതൽ നിരോധനം
വെർച്വൽ ക്യൂവിൽ മുക്കുഴിവഴി ബുക്ക് ചെയ്തവർ പമ്പ വഴി കയറണം.

കണമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി എരുമേലി വഴിയുള്ള ശബരിമല കാനനപാതയിൽ കൂടുതൽ നിയന്ത്രണം. കോരുത്തോട്-മുക്കുഴി കാനനപാത വഴി നാളെ മുതൽ 14 വരെ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
പേട്ടതുള്ളൽ സംഘത്തിൽ ഉള്ളവർക്ക് മാത്രമാകും ഇതുവഴി പ്രവേശനം സാധ്യമാവുക. വെർച്വൽ ക്യൂവിൽ മുക്കുഴിവഴി ബുക്ക് ചെയ്തവർ പമ്പ വഴി കയറണം. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിലായിരിക്കും പാർക്കിംഗ് എന്നും മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷ മുൻനിർത്തിയാണ് ഉത്തരവെന്നും ശബരിമല എഡിഎം ഡോ. അരുൺ എസ്. നായർ അറിയിച്ചു.