തൃശൂർ ജില്ലയിൽ ഡിജിറ്റൽ സർവേ രണ്ടാം ഘട്ടത്തിലേക്ക്
ആദ്യഘട്ടത്തിൽ 23 വില്ലേജുകളാണ് സർവേക്കായി തിരഞ്ഞെടുത്തത്. ഇതിൽ 17 വില്ലേജുകളിൽ പൂർത്തിയാക്കി
തൃശൂർ: ജില്ലയിൽ ഡിജിറ്റൽ സർവേ രണ്ടാം ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ 23 വില്ലേജുകളാണ് സർവേക്കായി തിരഞ്ഞെടുത്തത്. ഇതിൽ 17 വില്ലേജുകളിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാവുന്ന ഘട്ടത്തിലാണ്. തുടർന്ന് വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. ആറു വില്ലേജുകളിൽ പ്രവർത്തനം നടന്നുവരുന്നു. ഒരു വർഷം മുമ്പാണ് ഡിജിറ്റൽ സർവേക്ക് തുടക്കം കുറിച്ചത്.രണ്ടാം ഘട്ടത്തിലും 23 വില്ലേജുകളാണുള്ളത്. സർവേ നടപടികൾക്കായി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക സർവേയർമാരെയും ഹെൽപ്പർമാരെയും നിയമിച്ചിരുന്നു. രണ്ടാംഘട്ടത്തിന് തൃശൂർ വില്ലേജിൽ തുടക്കം കുറിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മറ്റിടങ്ങളിൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം.സർവേയും അതിരടയാളവും പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഉടമകൾക്ക് ക്യാമ്പ് ഓഫീസുകളിൽ എത്തി പരിശോധിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അവസരമുണ്ടാകും.