ലോകത്തിലെ സുപ്രധാന ഔഷധ ഹബ്ബെന്ന നിലയിലുള്ള ഇന്ത്യയുടെ സവിശേഷതയ്ക്ക് ഇന്നു രാജ്യം പുതിയ മാനം നൽകുന്നു: പ്രധാനമന്ത്രി
“ഒരു രാഷ്ട്രം ഒരു സബ്സ്ക്രിപ്ഷൻ”
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജീനോം ഇന്ത്യ പദ്ധതിയുടെ പ്രാരംഭവേളയിൽ വീഡിയോ സംവിധാനത്തിലൂടെ സന്ദേശം നൽകി. ഗവേഷണമേഖലയിൽ ഇന്ത്യ ഇന്നു ചരിത്രപരമായ ചുവടുവയ്പു നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജീനോം ഇന്ത്യ പദ്ധതിക്ക് അഞ്ചുവർഷംമുമ്പ് അംഗീകാരം ലഭിച്ചതായും, കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും നമ്മുടെ ശാസ്ത്രജ്ഞർ ഉത്സാഹത്തോടെ പ്രവർത്തിച്ചു പദ്ധതി പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐഎസ്‌സി, ഐഐടികൾ, സിഎസ്‌ഐആർ, ഡിബിടി-ബ്രിക്ക് തുടങ്ങിയ ഇരുപതിലധികം പ്രശസ്ത ഗവേഷണ സ്ഥാപനങ്ങൾ ഈ ഗവേഷണത്തിൽ പ്രധാന പങ്കുവഹിച്ചുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. 10,000 ഇന്ത്യക്കാരുടെ ജനിതകഘടനാ ശ്രേണികൾ അടങ്ങിയ ഡേറ്റ ഇപ്പോൾ ഇന്ത്യൻ ബയോളജിക്കൽ ഡേറ്റ സെന്ററിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൈവസാങ്കേതികവിദ്യ ഗവേഷണ മേഖലയിലെ നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്നു ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
“ജീനോം ഇന്ത്യ പദ്ധതി ജൈവസാങ്കേതികവിദ്യാവിപ്ലവത്തിലെ സുപ്രധാന നാഴികക്കല്ലാണ്” - ശ്രീ മോദി പറഞ്ഞു. വിവിധ ജനതതികളിൽനിന്നുള്ള 10,000 വ്യക്തികളുടെ ജനിതകഘടനകൾ ക്രമീകരിച്ച് ഈ പദ്ധതി വൈവിധ്യമാർന്ന ജനിതകവിഭവം വിജയകരമായി സൃഷ്ടിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ജനിതക ഭൂപ്രകൃതി മനസിലാക്കാൻ പണ്ഡിതരെ സഹായിക്കുന്ന ഈ ഡേറ്റ ഇപ്പോൾ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ലഭ്യമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നയരൂപീകരണത്തിലും ആസൂത്രണത്തിലും ഈ വിവരങ്ങൾ വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദഗ്ധരെയും ശാസ്ത്രജ്ഞരെയും അഭിസംബോധനചെയ്ത്, ഭക്ഷണം, ഭാഷ, ഭൂമിശാസ്ത്രം എന്നിവയിലും ജനങ്ങളുടെ ജനിതകഘടനയിലുമുള്ള ഇന്ത്യയുടെ വിശാലതയ്ക്കും വൈവിധ്യത്തിനും ഊന്നൽ നൽകിയ പ്രധാനമന്ത്രി, രോഗങ്ങളുടെ സ്വഭാവം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്
“21-ാം നൂറ്റാണ്ടിൽ, ജൈവസാങ്കേതികവിദ്യയുടെയും ബയോമാസിന്റെയും കൂടിച്ചേരൽ, ജൈവസമ്പദ്ഘടന എന്ന നിലയിൽ വികസിതഭാരതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നിർണായക അടിത്തറ സൃഷ്ടിക്കുന്നു” - ശ്രീ മോദി പറഞ്ഞു. ജൈവസമ്പദ്ഘടനയുടെ ലക്ഷ്യം പ്രകൃതിവിഭവങ്ങളുടെ പരമാവധി ഉപയോഗം, ജൈവാധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രോത്സാഹനം, ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൈവസമ്പദ്ഘടന സുസ്ഥിര വികസനവും നവീകരണവും ത്വരിതപ്പെടുത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2014-ലെ 10 ശതകോടി ഡോളറിൽനിന്നു കഴിഞ്ഞ ദശകത്തിൽ 150 ശതകോടി ഡോളറിനപ്പുറത്തേക്ക് ഇന്ത്യയുടെ ജൈവസമ്പദ്‌വ്യവസ്ഥ അതിവേഗം വളർന്നുവെന്നതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യ അതിന്റെ ജൈവസമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും അടുത്തിടെ ബയോ ഇ3 നയത്തിനു തുടക്കംകുറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ നയത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചു പരാമർശിച്ച ശ്രീ മോദി, ഐടി വിപ്ലവത്തിനു സമാനമായി ആഗോള ജൈവസാങ്കേതിക മേഖലയിൽ മുൻനിരയിലെത്താൻ ഇത് ഇന്ത്യയെ സഹായിക്കുമെന്നു ചൂണ്ടിക്കാട്ടി. ഈ ശ്രമത്തിൽ ശാസ്ത്രജ്ഞരുടെ പ്രധാന പങ്ക് അദ്ദേഹം എടുത്തുകാട്ടുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു.
പ്രധാന ഔഷധകേന്ദ്രം എന്ന നിലയിൽ ഇന്ത്യയുടെ പങ്കു വികസിക്കുന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ ദശകത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഇന്ത്യ വിപ്ലവകരമായ നടപടികൾ കൈക്കൊണ്ടുവെന്നും, ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്കു സൗജന്യ ചികിത്സ നൽകിയെന്നും, ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 80% വിലക്കുറവിൽ മരുന്നുകൾ നൽകുന്നുവെന്നും, ആധുനിക മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. കോവിഡ്-19 മഹാമാരിക്കാലത്ത് ഇന്ത്യയുടെ ഔഷധ ആവാസവ്യവസ്ഥ കരുത്തു തെളിയിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ മരുന്നുനിർമാണത്തിനായി കരുത്തുറ്റ വിതരണ-മൂല്യ ശൃംഖല സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീനോം ഇന്ത്യ പദ്ധതി ഈ ശ്രമങ്ങളെ കൂടുതൽ ത്വരിതപ്പെടുത്തുകയും ഊർജസ്വലമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ആഗോള പ്രതിസന്ധികൾക്കുള്ള പ്രതിവിധികൾക്കായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു; ഇതു ഭാവിതലമുറകൾക്ക് ഉത്തരവാദിത്വവും അവസരവുമേകുന്നു” - ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഗവേഷണത്തിലും നവീകരണത്തിലും കരുത്തുറ്റ ശ്രദ്ധ നൽകി, വിശാലമായ ഗവേഷണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“10,000-ത്തിലധികം അടൽ ടിങ്കറിങ് ലാബുകൾ ദിവസവും പുതിയ പരീക്ഷണങ്ങൾ നടത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു” - ശ്രീ മോദി പറഞ്ഞു. നൂതനാശയങ്ങളുള്ള യുവാക്കളെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തുടനീളം നൂറുകണക്കിന് അടൽ ആശയ ഉത്ഭവ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎച്ച്ഡി പഠനകാലത്തെ ഗവേഷണത്തിനു സഹായമേകുന്നതിനായി പിഎം ഗവേഷണ ഫെലോഷിപ്പ് പദ്ധതി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹുമുഖ-അന്താരാഷ്ട്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണു ദേശീയ ഗവേഷണ നിധി സൃഷ്ടിച്ചതെന്നു പറഞ്ഞ പ്രധാനമന്ത്രി, അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ ശാസ്ത്രം, എൻജിനിയറിങ്, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളെ പിന്തുണയ്ക്കുമെന്നു ചൂണ്ടിക്കാട്ടി. ജൈവസാങ്കേതികവിദ്യാമേഖലയുടെ വികസനത്തിനും യുവശാസ്ത്രജ്ഞരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലെ ഗവേഷണവും നിക്ഷേപവും വർധിപ്പിക്കുന്നതിന് ഒരുലക്ഷംകോടി രൂപയുടെ സഞ്ചിതനിധി സൃഷ്ടിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്മെന്റ് അടുത്തകാലത്തു സ്വീകരിച്ച “ഒരു രാഷ്ട്രം ഒരു സബ്സ്ക്രിപ്ഷൻ” എന്ന സുപ്രധാന തീരുമാനത്തെക്കുറിച്ചു പരാമർശിക്കവേ, ഇന്ത്യയിലെ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രശസ്തമായ ആഗോള പ്രസിദ്ധീകരണങ്ങളിലേക്കു സുഗമവും ചെലവുകുറഞ്ഞതുമായ പ്രവേശനം ഉറപ്പാക്കാൻ ഈ സംരംഭം സഹായിക്കുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വിജ്ഞാനത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നതിന് ഈ ശ്രമങ്ങൾ വളരെയധികം സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യയുടെ ജനോപകാരപ്രദമായ ഭരണവും ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളും ലോകത്തിനു പുതിയ മാതൃക സൃഷ്ടിച്ചു” - പ്രധാനമന്ത്രി പറഞ്ഞു. ജനിതക ഗവേഷണമേഖലയിൽ ഇന്ത്യയുടെ പ്രതിച്ഛായക്കു കരുത്തേകാൻ ജീനോം ഇന്ത്യ പദ്ധതി സഹായിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്. ജീനോം ഇന്ത്യ പദ്ധതിയുടെ വിജയത്തിനു പ്രധാനമന്ത്രി ആശംസകൾ നേരുകയും ചെയ്തു.