അങ്കണവാടി മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ സ്മാർട്ട് ആവുന്നതാണ് നവകേരളം : മന്ത്രി എം ബി രാജേഷ്

Sep 28, 2025
അങ്കണവാടി മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ സ്മാർട്ട് ആവുന്നതാണ് നവകേരളം : മന്ത്രി എം ബി രാജേഷ്
M B RAJESH MINISTER

തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

 

അങ്കണവാടി കുട്ടികൾ മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ സ്മാർട്ടാവുന്ന കേരളമാണ് നവകേരളമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനിൽ പൂർത്തീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കേരളത്തിൽ ഇന്ന് അങ്കണവാടി മുതൽ സ്കൂൾ വരെ സ്മാർട്ടാണ്. വളർന്നുവരുന്ന കുട്ടികളാണ് നാടിന്റെ ഭാവി. നല്ല സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം ലഭിച്ചു കുട്ടികൾ വളരണം എന്നതാണ് സർക്കാർ സമീപനം. 45,000 ക്ലാസ് മുറികൾ കേരളത്തിൽ സ്മാർട്ടായി. പഴയ ബ്ലാക്ക് ബോർഡുകൾക്ക് പകരം സ്മാർട്ട് ബോർഡുകൾ, ഫാൻ, ടൈൽ വിരിച്ച ക്ലാസ് മുറികൾ, ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠന രീതികൾ എന്നിവയാണ് ഇന്ന് കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

 

ഏറ്റവും കൂടുതൽ ക്ലാസ് മുറികൾ സ്മാർട്ടായതും 96% സ്കൂളുകളിലും ഇൻ്റർനെറ്റ് സൗകര്യവുമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ സാക്ഷരതയിലും കേരളം മുന്നിലാണ്. ജില്ലയിലെ അശമന്നൂർ പഞ്ചായത്തിലാണ് 104 വയസ്സുള്ള അബ്ദുല്ല മൗലവി ബാഖവി ഡിജിറ്റൽ സാക്ഷരത നേടിയത്. ഇന്ത്യയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യത്തെ സംസ്ഥാനമായി ആഗസ്റ്റിൽ കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.  

 

എല്ലാ മേഖലയിലും എന്നപോലെ വൃത്തിയുടെ കാര്യത്തിലും നമ്മൾക്ക് സ്മാർട്ടായി മുന്നോട്ടു പോകേണ്ടതുണ്ട്. ജനുവരി മുതൽ ജൂൺ വരെ കേരളത്തിൽ മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞതിന് ചുമത്തിയ പിഴ 8 കോടി 55 ലക്ഷം രൂപയാണ്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ 9446700800 എന്ന നമ്പറിൽ വീഡിയോ, ഫോട്ടോ അയച്ചുകൊടുക്കാം. പിഴയായി ലഭിക്കുന്ന തുകയുടെ നാലിലൊന്ന് വീഡിയോ അയക്കുന്ന വ്യക്തിക്ക് ലഭിക്കും. ഈ നമ്പറിൽ ലഭിച്ച പരാതികളിലൂടെ മാത്രം 61 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. സ്മാർട്ടാവുന്നത് നല്ലതാണ്, പക്ഷേ വൃത്തിയാകുന്നതും അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

 

നഗരസഭയുടെ 2024-2025, 2025-2026 സാമ്പത്തിക വർഷത്തെ വികസന ഫണ്ട് ഉപയോഗിച്ചാണ് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 

 

തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷയായ ചടങ്ങിൽ വൈസ് ചെയർമാൻ ടി ജി ദിനൂപ്, ഡിവിഷൻ കൗൺസിലർ സൽമ ഷിഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ വർഗീസ് പ്ലാശ്ശേരി, റസിയ നിഷാദ്, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ എ എ ഇബ്രാഹിം കുട്ടി, ഇ പി കാദർക്കുഞ്ഞ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് ഷിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.