തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരം
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരം
എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർ പട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും.
സെപ്തംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാം.
941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലേയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്.