ഓയൂർ തട്ടിക്കൊണ്ടുപോകൽ: അനുപമയുടെ ജാമ്യാപേക്ഷ തള്ളി
കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ആണ് ജാമ്യാപേക്ഷ തള്ളിയത്
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി പി. അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ആണ് ജാമ്യാപേക്ഷ തള്ളിയത്.ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ വിചാരണ നടപടികൾ ഉടനടി ആരംഭിക്കുന്നതിനായി കസ്റ്റഡി ട്രയലിന് പ്രോസിക്യൂഷൻ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി വിശദ വാദം കേൾക്കുകയായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിയുടെയും വിശദമായ വാദം കോടതി കേട്ടു.ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചു കുട്ടികളെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തി ധനം സമ്പാദിക്കാൻ ലക്ഷ്യമിട്ട് അതീവ ഗുരുതരമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും ശാസ്ത്രീയ പരിശോധന ഫലങ്ങളിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും പ്രഥമദൃഷ്ട്യാ പ്രതികൾക്കെതിരെ ശക്തമായ കേസ് പ്രോസിക്യൂഷൻ സ്ഥാപിച്ചെടുത്തുവെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്.