ശ്രീ പേത്താളൻകാവ് കരിഞ്ചാമുണ്ഡിയമ്മ കളിയാട്ട മഹോത്സവത്തിന് സമാപനം
രണ്ട് ദിവസങ്ങളിലായി നിറഞ്ഞാടിയ തെയ്യങ്ങളുടെ ദർശനം തേടി ആയിരങ്ങൾ പേത്താളൻ കാവിലെത്തി
ബങ്കളം(കാസർകോട്): ഒന്നര പതിറ്റാണ്ടിനു ശേഷം നടന്ന ശ്രീ പേത്താളൻകാവ് കരിഞ്ചാമുണ്ഡിയമ്മ ഗുളികൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാ കളിയാട്ട മഹോത്സവത്തിന് സമാപനം. രണ്ട് ദിവസങ്ങളിലായി നിറഞ്ഞാടിയ തെയ്യങ്ങളുടെ ദർശനം തേടി ആയിരങ്ങൾ പേത്താളൻ കാവിലെത്തി.ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പ് അപൂർവ്വ തെയ്യക്കോലമായ പേത്താളൻ അരങ്ങിലെത്തി. തുടർന്ന് ഭക്തർക്ക് അന്നദാനം നൽകി. ഉച്ചയ്ക്ക് ശേഷം കടയംകത്തി, കരിഞ്ചാമുണ്ഡിയമ്മ പുറപ്പാടുണ്ടായി.ശനിയാഴ്ച കലശപൂജയും തിരുവായുധങ്ങളുടെ പ്രതിഷ്ഠയും നടന്നതിന് ശേഷമാണ് തെയ്യങ്ങൾ അരങ്ങിലെത്തിയത്. കാർന്നോൻ തെയ്യത്തിന്റെയും ഗുളികൻ തെയ്യത്തിന്റെയും കാപ്പാളത്തി തെയ്യത്തിന്റെയും പുറപ്പാട് ശനിയാഴ്ച രാത്രി വൈകിയുണ്ടായി. തുടർന്ന് ഞായർ പുലർച്ചെ 6 മണിവരെ പഞ്ചുരുളി തെയ്യത്തിന്റെ പുറപ്പാടുണ്ടായി.ജാതിക്കും മതത്തിനും അതീതമായി എല്ലാവരും പങ്കാളിയായാണ് കളിയാട്ടം നടത്തിയത്. മതമൈത്രിയുടെ പ്രതീകമായി കളിയാട്ട മഹോത്സവത്തിന്റെയും സ്വലാത്ത് വാർഷികത്തിന്റെയും പ്രചാരണത്തിനായി മടിക്കൈ ബങ്കളത്ത് സ്ഥാപിച്ച ഒറ്റ കമാനം കൗതുകമായിരുന്നു.