ഓപ്പറേഷൻ എലിഫന്റ്' ദൗത്യത്തിൽ ഇതുവരെ കാടുകയറ്റിയത് 44 ആനകൾ
കഴിഞ്ഞദിവസം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ൽ ഓടച്ചാലിൽ നിന്ന് കുട്ടിയാന ഉൾപ്പെടെ 6 കാട്ടാനകളെ കൂടി ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി

ഇരിട്ടി: ആറളം ഫാമിനകത്ത് നാശം വിതയ്ക്കുന്ന ആനകളെ വിരട്ടിയോടിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ എലിഫന്റ്' ദൗത്യത്തിൽ ഇതുവരെ കാടുകയറ്റിയത് 44 ആനകൾ. 'ഓപ്പറേഷൻ എലിഫന്റ്' നാലാം ഘട്ടത്തിൽ മാത്രം ദൗത്യ സംഘത്തിനു നേരെ നാലു തവണ കാട്ടാനക്കൂട്ടം തിരിഞ്ഞിരുന്നു. ഡെപ്യൂട്ടി റേഞ്ചർമാരും ഫാം സെക്യൂരിറ്റി ഓഫീസറും സൂപ്രണ്ടും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.രണ്ട് മാസത്തിനിടെ നാലു ഘട്ടങ്ങളിലായാണ് തുരത്തൽ നടപടി തുടരുന്നത്. കഴിഞ്ഞദിവസം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ൽ ഓടച്ചാലിൽ നിന്ന് കുട്ടിയാന ഉൾപ്പെടെ 6 കാട്ടാനകളെ കൂടി ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി. ഇതോടെ 6 ദിവസത്തിനിടെ 16 കാട്ടാനകളെ തുരത്തിയതിന്റെ ആശ്വാസത്തിലാണ് ദൗത്യ സംഘം.
കഴിഞ്ഞദിവസം ഓടച്ചാലിൽ കണ്ട കാട്ടാനകളെയും കോട്ടപ്പാറ വഴിയാണ് ആറളം വന്യജീവി സങ്കേതത്തിലേക്കു കയറ്റി വിട്ടത്. തിരിച്ചു ഫാമിലേക്കു വരാതിരിക്കാൻ വൈദ്യുതി വേലി ചാർജ് ചെയ്തു. പുനരധിവാസ മേഖലയിൽ ഇനി കാട്ടാനകൾ ഇല്ലെന്നതാണ് ആർ.ആർ.ടിയുടെ നിഗമനം. അതേസമയം ഫാം കൃഷിയിടത്തിൽ 6 കാട്ടാനകൾ കൂടി തമ്പടിച്ചിട്ടുണ്ട്. പുനരധിവാസ മേഖലയിൽ കാട്ടാന സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കും വരെ തുരത്തൽ തുടരും.
കാട്ടാന ശല്യം രൂക്ഷമായതോടെ സബ് കളക്ടർ സന്ദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ – ജനകീയ കമ്മിറ്റി യോഗം തീരുമാനം അനുസരിച്ചാണ് ആന തുരത്തൽ നാലാംഘട്ടം തുടങ്ങിയത്. ഇതിനു മുൻപ് മൂന്ന് ഘട്ടങ്ങളിലായി 13 ദിവസമാണ് ആന തുരത്തൽ നടത്തിയത്. സബ് കളക്ടറുടെ നിർദേശം ലഭിക്കുന്നതനുസരിച്ച് ഇന്ന് മുതൽ ഫാം കൃഷിയിടത്തിലെ ആനതുരത്തൽ തുടരുനാണ് തീരുമാനം.