സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി

Mar 5, 2026
സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി
media discussioncm

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച മാധ്യമ മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക  കുടുംബങ്ങൾക്കും  ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള എന്തെങ്കിലും  ബന്ധമുണ്ട്. അവിടുത്തെ സംഘർഷവാർത്തകൾ നാട്ടിലുള്ള കുടുംബങ്ങളിൽ ഭയംആശങ്ക എന്നിവ വർധിപ്പിക്കും. അതുകൊണ്ട് സംഘർഷവുമായി ബന്ധപ്പെട്ട ഓരോ വാർത്തയും വളരെ ഗൗരവത്തിലും അവധാനതയിലും കൊടുക്കേണ്ടതാണ്. ദൃശ്യ-അച്ചടി- ഓൺലൈൻ മാധ്യമങ്ങൾ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വസ്തുതകൾ   ചോർന്നു പോകാതെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകണം ഇത്തരം വാർത്തകൾ നൽകേണ്ടത്. അല്പമെങ്കിലും അതിശയോക്തി കലർത്തുന്നത് പല രീതിയിൽ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. വാർത്തകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളും വാർത്തയായി പ്രചരിക്കാൻ ഒരു കാരണവശാലും ഇടവരരുത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയംഇന്ത്യൻ എംബസികൾബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളെ അടിസ്ഥാനമാക്കി മാത്രമേ വാർത്തകൾ നൽകാവൂ.

ബ്രേക്കിംഗ് ന്യൂസ് കൊടുക്കാൻ പലപ്പോഴും മത്സരം തന്നെ ഉണ്ടാകാറുണ്ട്. അത്തരം മത്സരത്തിന്റെ പേരിൽ വസ്തുതകൾ തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ നേതൃ തലത്തിൽ തന്നെ ഇടപെടൽ ഉണ്ടാകണം. അതോടൊപ്പം അതിരൂക്ഷവും ഭീതിയുണർത്തുന്നതുമായ അവതരണം ഒഴിവാക്കേണ്ടതുമുണ്ട്. മിസൈൽഡ്രോൺ ആക്രമണങ്ങൾതീപിടുത്തങ്ങൾസ്‌ഫോടനങ്ങൾ  തുടങ്ങിയവ  അതിവൈകാരികതയോടെ   അവതരിപ്പിക്കുന്നത് പ്രവാസി കുടുംബങ്ങളിൽ അനാവശ്യമായ ഭയം സൃഷ്ടിക്കാം.

സംഘർഷത്തിന്റെ യഥാർത്ഥ വ്യാപ്തി കൃത്യമായി വിശദീകരിക്കുന്ന സമതുലിതമായ അവതരണം   ഉറപ്പാക്കണം. എല്ലാ ഗൾഫ് രാജ്യങ്ങളും ഒരേ വിധത്തിൽ അപകടത്തിലാണ് എന്ന പൊതുവായ പ്രതീതി  സൃഷ്ടിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടാകരുത്. വിഷയത്തെക്കുറിച്ചുള്ള വിദഗ്ധരുടെയും നയതന്ത്ര മേഖലയിൽ പരിചയമുള്ളവരുടെയും  വിലയിരുത്തലുകൾ ഉൾപ്പെടുത്തി സമതുലിതമായ ചർച്ചകൾ നടത്തുന്നതും ആവശ്യമാണ്.

പ്രവാസികളുടെ സുരക്ഷയെ മുൻനിർത്തിയുള്ള റിപ്പോർട്ടിങ്ങിനും  മാധ്യമങ്ങൾ ശ്രദ്ധിക്കണം. പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾജോലി സ്ഥലംവിലാസം തുടങ്ങിയവ അവശ്യ സന്ദർഭങ്ങളിൽ അല്ലാതെ  പുറത്തുവിടരുത്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ സെൻസേഷണൽ രീതിയിൽ അവതരിപ്പിക്കുന്നതും ഒഴിവാക്കണം. പകരം സുരക്ഷാ നിർദേശങ്ങളും ആവശ്യമായ അറിയിപ്പുകളും മാർഗനിർദേശങ്ങളും ഉൾപ്പെടുത്തിയ വാർത്തകൾ നൽകാനാണ് ശ്രദ്ധിക്കേണ്ടത്. ഇതോടൊപ്പം ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കേണ്ടതുണ്ട്.

ഹെൽപ് ലൈൻ നമ്പറുകളും സഹായ സംവിധാനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾ സഹായിക്കണം. ഇന്ത്യൻ എംബസികളുടെ അടിയന്തര ഫോൺ നമ്പറുകൾവിദേശകാര്യ മന്ത്രാലയത്തിന്റെ സഹായ കേന്ദ്രങ്ങൾനോർക്കയുടെ സേവനങ്ങൾകേരള സർക്കാർ പ്രവാസി വകുപ്പിന്റെ സേവനങ്ങൾ എന്നിവ നിരന്തരം അറിയിക്കുന്നതിലൂടെ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കാൻ കഴിയും.ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളുടെയും കമ്മ്യൂണിറ്റി കൂട്ടായ്മകളുടെയും സഹായ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തണം. സുരക്ഷിതമായി കഴിയുന്ന പ്രദേശങ്ങൾജോലി സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള യഥാർത്ഥ  വിവരങ്ങൾ നൽകുന്നത് ഭീതി  കുറയ്ക്കാൻ സഹായിക്കും.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഫാക്റ്റ് ചെക്കിംഗ് സംവിധാനം ശക്തമാക്കുകയും വ്യാജ ചിത്രങ്ങൾക്കും പഴയ വീഡിയോകൾക്കും പുതിയ സംഭവങ്ങളുടെ പേരിൽ പ്രചരണം ലഭിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.

പ്രവാസികളുടെ പ്രശ്‌നങ്ങൾ സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും മാധ്യമങ്ങൾക്ക്  സഹായിക്കാം. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾയാത്രാ നിയന്ത്രണങ്ങൾസുരക്ഷാ ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ ഉത്തരവാദിത്വത്തോടെ റിപ്പോർട്ട് ചെയ്യുന്നതിലൂടെ അതിന് പരിഹാരം കണ്ടെത്താൻ സർക്കാരുകൾക്ക് ഇടപെടാൻ സാധിക്കും. വിമാന യാത്രാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്താമെന്നും നോർക്ക വഴി പരമാവധി വിവരങ്ങൾ കൈമാറമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളുടെ  ഓൺലൈൻ യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരം ഒരു ആശയ വിനിമയത്തിന് മുൻകൈ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മാമ്മൻ മാത്യു (മലയാള മനോരമ)മനോജ് കെ. ദാസ് (മാതൃഭൂമി)ജോണി ലൂക്കോസ് (മനോരമ ടിവി)സിന്ധു സൂര്യകുമാർ (ഏഷ്യാനെറ്റ്)പുത്തലത്ത് ദിനേശൻ (ദേശാഭിമാനി)ആന്റോ അഗസ്റ്റിൻ (റിപ്പോർട്ടർ ടിവി)പി. പി. ജെയിംസ് (24 ന്യൂസ്)വി എസ് രാജേഷ് (കേരള കൗമുദി)ഫാ. ജോർജ് കുടിലിൽ (ദീപിക)രാജീവ് ദേവരാജ് (മാതൃഭൂമി ന്യൂസ്),  കെ. എൻ. ആർ നമ്പൂതിരി (ജന്മഭൂമി)പ്രമോദ് രാമൻ (മീഡിയ വൺ)ബേബി മാത്യു സോമതീരം (ജീവൻ ടിവി)എസ്. ആനന്ദൻ (ദ ഹിന്ദു)ഇബ്രാഹിം വി. എം (മാധ്യമം)ടി. പി. ചെറൂപ്പ (സുപ്രഭാതം)കമാൽ വരദൂർ (ചന്ദ്രിക)പ്രദീപ് പിള്ള (ജനം ടിവി)എസ്. ശരത്ചന്ദ്രൻ (കൈരളി ടിവി)ടി. എം. ഹർഷൻ (ന്യൂസ് മലയാളം)കിരൺപ്രകാശ് (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്)ലീൻ ബി. ജെസ്മസ് (ന്യൂസ് 18 കേരളം)ജയ്സൺ ജോസഫ് (വീക്ഷണം)വിജു ബി. (ടൈംസ് ഓഫ് ഇന്ത്യ)ബാലൻ (ജയ്ഹിന്ദ്)വി. ഡി. ശെൽവരാജ്, (കലാകൗമുദി)പ്രവീൺ പട്ടാമ്പി (അമൃത ടിവി)ടി. ജി. ബിജു (പി. ടി. ഐ) തുടങ്ങിയവർ സംസാരിച്ചു.

യുദ്ധ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ അതീവ ശ്രദ്ധ നൽകാമെന്ന് അവർ മുഖ്യമന്ത്രിയെ അറിയിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങൾ നൽകുന്ന പൂർണ്ണ പിന്തുണയ്ക്ക് മുഖ്യമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.