വിവിധ ജില്ലകളിൽ നിയമനം

Jul 31, 2026
വിവിധ ജില്ലകളിൽ നിയമനം

അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

എറണാകുളം ജില്ലയിലെ വിവിധ കോടതികളിലെ അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികകളിലേക്ക് വ്യവസ്ഥകൾക്ക് വിധേയമായി പുതിയ അഭിഭാഷകരെ നിയമിക്കുന്നതിലേക്കായി യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തിയതി, എൻറോൾമെന്റ് നമ്പർ & തിയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകർ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ രണ്ട് സെറ്റ് ബയോഡാറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എൻറോൾമെന്റ്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, കൈകാര്യം ചെയ്ത ഏതെങ്കിലും മൂന്ന് കേസുകളുടെ ( സിവിൽ/ ക്രിമിനൽ ) വിധിപ്പകർപ്പ്, തിരിച്ചറിയൽ രേഖ, പട്ടികജാതി/വർഗ വിഭാഗത്തിൽപെട്ട അപേക്ഷകരാണെങ്കിൽ ആറു മാസത്തിനുള്ളിൽ വാങ്ങിയ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ 2026 ആഗസ്റ്റ് 14 വൈകിട്ട് നാലു മണിക്ക് മുൻപായി ലഭിക്കണം.

അന്യത്രസേവന വ്യവസ്ഥയിൽ നിയമനം കേരള സംസ്ഥാന അസംഘടിത തൊഴിലാളി, സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ ജൂനിയർ സൂപ്രണ്ട്, ഓഫീസ് അറ്റൻഡന്റ്* തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 11 തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 43,400 - 91,200. അപേക്ഷകർ മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്-1 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്‌, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ഓഫീസ് അറ്റൻഡന്റ്/ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 23,000 - 50,200. അപേക്ഷകൾ ആഗസ്റ്റ് 20നു മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം ടി.സി-43/1039, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം-36 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2464240.

 ജില്ലാ ജാഗ്രത സമിതി കൗൺസലർ നിയമനം:

 ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രോജക്ട് 2026-27 നിർവഹണത്തിന്റെ ഭാഗമായി ജില്ലാ ജാഗ്രത സമിതി ഓഫീസിൽ താൽക്കാലികമായി കൗൺസലറെ നിയമിക്കുന്നു. പ്രതിമാസം 21,000/- രൂപ ഹോണറേറിയം ലഭിക്കുന്ന ഈ തസ്തികയിലേക്ക് വനിതകൾക്കാണ് അപേക്ഷിക്കാൻ അവസരം. ഗവ. അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്, സൈക്കോളജി, അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും (റെഗുലർ എജുക്കേഷൻ) കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ആലപ്പുഴ ജില്ലയിൽ സ്ഥിരതാമസക്കാരായ 25-നും 45-നും മധ്യേ പ്രായമുള്ള വനിതകൾക്കായിരിക്കും അർഹത. കൗൺസലിംഗിലുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താൽപര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റ, യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ആഗസ്റ്റ് 10-ന് മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയം, ഗോവിന്ദ് കൊമേഴ്സൽ ബിൽഡിംഗ്, ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ., ആലപ്പുഴ - 688001. ഫോൺ: 0477 2960147, 8078297758.

അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (സിവിൽ) നിയമനം

കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബി.ടെക് (സിവിൽ) എൻജിനീയറിങ് അംഗീകൃത സർവകലാശാലാ ബിരുദവും, 5 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 50,000 രൂപ. പ്രായപരിധി 01/01/2025 ന് 18നും 41നും മധ്യേ (അംഗീകൃത വയസിളവ് അനുവദനീയം). താത്പര്യമുള്ളവർ ആഗസ്റ്റ് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.

സൈക്കോളജിസ്റ്റ് താത്ക്കാലിക നിയമനം കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി വിഷയത്തിൽ ഉള്ള ബിരുദാനന്തര ബിരുദവും, ഒരു വർഷത്തെ തൊഴിൽ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 31,020 രൂപ. പ്രായപരിധി 01/01/2026 ന് 18നും 40നും മധ്യേ. താത്പര്യമുള്ളവർ ആഗസ്റ്റ് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.

എച്ച്എസ്എസ്ടി റഷ്യൻ നിയമനം തിരുവനന്തപുരം, വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേക്കുള്ള താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14 രാവിലെ 11.30 ന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2882032.

 കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ സി എസ് എസ് ഡി ടെക്നീഷ്യൻ നിയമനത്തിനായി ആഗസ്റ്റ് 20ന് വാക്ക് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.