വലിയ കുടുംബങ്ങള്‍ സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഉറവിടങ്ങള്‍: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി രൂപതയില്‍ 2010 ന് ശേഷം നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളുടെ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃ-പിതൃവേദികളുടെയും, പ്രൊലൈഫ് മൂവ്‌മെന്റിന്റെയും സഹകരണത്തോടുകൂടി നടത്തപ്പെട്ട സംഗമത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി നൂറിലേറെ കുടുംബങ്ങളില്‍ നിന്നും അഞ്ഞൂറിലേറെ അംഗങ്ങള്‍ പങ്കെടുത്തു.
സ്വാര്‍ത്ഥതയും തന്‍കാര്യപ്രസക്തിയുമാണ് അണുകുടുംബങ്ങളെ നയിക്കുന്നതെങ്കില്‍ കുടൂതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളില്‍ സ്‌നേഹവും പരസ്പരാശ്രയത്വവും കുടുതല്‍ പ്രകടമാണ്. അണുകുടുംബങ്ങളോടുള്ള അഭിനിവേശം സഭയെ വൈകാതെ പാഴ്‌സി സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് തള്ളിവിടും. കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാന്‍ അവര്‍ക്കു മൊബൈല്‍ഫോണ്‍ നല്‍കുന്ന മാതാപിതാക്കള്‍ തീകൊണ്ടാണ് കളിക്കുന്നത് എന്ന ഓര്‍മ്മവേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. റവ.ഫാ.റോബര്‍ട്ട് ചവറനാനിക്കല്‍ വി സി ആശംസകള്‍ നേര്‍ന്നു. പ്രൊലൈഫ് കമ്മിഷന്‍ ഗ്ലോബല്‍ സെക്രട്ടറി ശ്രീ.ജോയ്‌സ് മുക്കുടം അവതരിപ്പിച്ച ജീവവിസ്മയ മാജിക്‌ഷോ സദസിനെ വിസ്മയത്തില്‍ ആറാടിച്ചു. സംഗമത്തില്‍ രൂപതാ മാതൃവേദി ആനിമേറ്റര്‍ സി.റോസ്മി എസ് എ ബി എസ്, ബ്രദര്‍ ജെറിന്‍ വാണിയപുരക്കല്‍, ബെന്‍സി വളയാന്തടം, മരിയന്‍ കോളേജ് പ്രിന്‍സിപ്പില്‍ ഫാ.ഷൈജു കാരിക്കകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാമിന് രൂപതാമാതൃവേദി, പിതൃവേദി, പ്രൊലൈഫ് സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.
ഫോട്ടോ അടിക്കുറിപ്പ്:
കാഞ്ഞിരപ്പള്ളി രൂപതയില്‍ നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളുടെ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉത്ഘാടനം ചെയ്യുന്നു.


