ദേശസ്നേഹത്തിന്റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി

വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു

Aug 15, 2026
ദേശസ്നേഹത്തിന്റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി
v d satheesan c m

സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ദേശസ്‌നേഹത്തിന്റെ ആവേശവും നിറച്ച് സായുധ സേനകളും സായുധേതര വിഭാഗങ്ങളും അണിനിരന്ന വർണാഭമായ പരേഡോടെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് സംസ്ഥാനത്ത് പ്രൗഢോജ്ജ്വല തുടക്കം. താളബദ്ധമായ ചുവടുകളോടെ വിവിധ സേനാവിഭാഗങ്ങൾ അണിനിരന്നപ്പോൾ ആഘോഷവേദി ദേശാഭിമാനത്തിന്റെ ആവേശത്തിൽ നിറഞ്ഞു. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി.

വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ ഡോ അപർണ ഒ ഐ പി എസ്, സെക്കന്റ് - ഇൻ കമാൻഡ് ഷിയാസ് എസ് എന്നിവരുടെ നേതൃത്വത്തിൽ മലബാർ സ്പെഷ്യൽ പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, കേരള സായുധ പോലീസ് ബറ്റാലിയൻ, കേരള സായുധ വനിതാ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, ആന്ധ്രാപ്രദേശ് സ്റ്റേറ്റ് പോലീസ്, റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, തിരുവനന്തപുരം സിറ്റി പോലീസ്, ജയിൽ, എക്സൈസ്, വനം വകുപ്പുകൾ, മറ്റ് വിഭാഗങ്ങളായ കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്, മോട്ടോർ വാഹന വകുപ്പ്, സൈനിക സ്‌കൂൾ, എൻ സി സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ), സീനിയർ ഡിവിഷൻ നേവൽ, ജൂനിയർ ഡിവിഷൻ എയർ വിംഗുകൾ, നാഷണൽ സർവ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ഭാരത് സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, അശ്വാരൂഢ സേന തുടങ്ങിയ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ് എന്നിവ പരേഡിന് താളമേകി. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

രാവിലെ 8.59 ന് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും, സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറും ചേർന്ന് സ്വീകരിച്ചു. ദേശീയ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി അഭിവാദനം സ്വീകരിച്ചു. പതാക ഉയർത്തിയ ഉടനേ വ്യോമസേന ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടന്നു. തുടർന്ന് പരേഡ് കമാൻഡർക്കൊപ്പം മുഖ്യമന്ത്രി പരേഡ് പരിശോധിച്ചു. ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ എന്നിവയ്ക്ക് അർഹരായവർക്കും മറ്റ് പുരസ്‌കാരങ്ങൾ നേടിയവർക്കും മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ മികവു കാട്ടിയ പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. എൻ സി സി അശ്വാഭ്യാസം, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം എന്നിവ നടന്നു.

മന്ത്രിമാരായ സി പി ജോൺ, കെ മുരളീധരൻ, എം എൽ എമാരായ എൻ ശക്തൻ, എം വിൻസെന്റ്, എ എ റഹീം എം പി, മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ കെ എം ചന്ദ്രശേഖർ, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടർ അനു കുമാരി എന്നിവർ സംബന്ധിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.