ആഗസ്റ്റ് 20ന് സദ്ഭാവനാദിനം ആചരിക്കും

Aug 18, 2026
ആഗസ്റ്റ് 20ന് സദ്ഭാവനാദിനം ആചരിക്കും

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് സംസ്ഥാനത്ത് സദ്ഭാവനാദിനം ആചരിക്കും. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ മേധാവികളും ആഗസ്റ്റ് 20 രാവിലെ 11 ന് സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചു. ദേശീയ ഐക്യവും പരസ്പര സ്നേഹവും വളർത്തുകയും അക്രമമാർഗങ്ങൾ ഒഴിവാക്കുകയും, ഭാഷ, മതം, ദേശം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങൾ മറന്ന് സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പ്രതിജ്ഞ: “സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഐക്യത്തിനും സൗഹാർദ്ദത്തിനും വേണ്ടി അർപ്പണ ബോധത്തേടെ പ്രവർത്തിക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമ മാർഗ്ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചർച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.”