എയർ പോർട്ടുകളിൽ അനധികൃത ടാക്‌സികൾക്കെതിരെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകൾ
ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലത്തിന്റെ പ്രത്യേക നിർദ്ദേശമനുസരിച്ച് മധ്യമേഖല ( 2 ) ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സജി പ്രസാദ് ന്റെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് അനധികൃത ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. എറണാകുളം ആർ.ടി.ഒ യുടെ (എൻഫോഴ്‌സസ്‌മെന്റ്) നേതൃത്വത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് അനധികൃത ടാക്‌സി (Illicit Taxi) സർവീസുകൾക്കെതിരെ പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തി. അങ്കമാലി, ആലുവ, പെരുമ്പാവൂർ, കാലടി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് വ്യാപക വാഹന പരിശോധന നടത്തിയത്. വിമാനത്താവളത്തിലേക്കും തിരിച്ചും പെർമിറ്റ് ഇല്ലാതെ അനധികൃതമായി വാടക സർവീസ് നടത്തുന്ന വാഹനങ്ങളെയും മറ്റ് ഗതാഗത നിയമലംഘനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു പരിശോധന. അനധികൃത ടാക്‌സി സർവീസ്, വാഹനങ്ങളിൽ അനധികൃത രൂപ മാറ്റങ്ങൾ, നികുതി അടയ്ക്കാതെയുള്ള സർവീസ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, രജിസ്‌ട്രേഷൻ സംബന്ധമായ ലംഘനങ്ങൾ, സൈഡ് നമ്പർ പ്രദർശിപ്പിക്കാത്തത്, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ ഉൾപ്പെടെ ആകെ 68 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നിരവധി അനധികൃത ടാക്‌സി വാഹനങ്ങൾക്കെതിരെ പ്രത്യേകമായി ചലാൻ തയ്യാറാക്കി നിയമനടപടികൾ സ്വീകരിച്ചു. പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വിവിധ നിയമലംഘനങ്ങൾക്കായി ആകെ 1,47,000 കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി. ഇത്തരത്തിലുള്ള അനധികൃത സർവീസുകൾ തിരഞ്ഞെടുക്കുന്നതിലൂടെ യാത്രക്കാരന് ഇൻഷുറൻസ് പരിരക്ഷയോ മറ്റ് സംരക്ഷണങ്ങളോ ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട അനധികൃത ടാക്‌സി പ്രവർത്തനങ്ങൾ പൂർണമായും തടയുന്നതിനും യാത്രക്കാരുടെ സുരക്ഷയും നിയമാനുസൃത പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക പരിശോധനകൾ തുടർന്നും കർശനമായി നടത്തുമെന്ന് എറണാകുളം ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) ബിജു ഐസക് അറിയിച്ചു.


