ഗോപൻ സ്വാമിയുടെ കല്ലറ ഉടൻ തുറക്കും; സ്ഥലത്ത് വൻ പോലീസ് സംഘം
കല്ലറ തുറന്ന് പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിക്കാൻ നടപടികൾ തുടങ്ങി. ഫോറൻസിക് സംഘമുൾപ്പെടെയുള്ള വിദഗ്ധർ സ്ഥലത്തെത്തി. പ്രതിഷേധം കണക്കിലെടുത്ത് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
രാവിലെ10 പത്തിന് മുമ്പ് കല്ലറ തുറന്ന് നടപടി പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം. മൃതദേഹം പുറത്തെടുത്താൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആർഡിഒ എത്തിയാൽ ഉടൻ സമാധി പൊളിക്കുമെന്ന് പോലീസ് പറഞ്ഞു.
ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി അടച്ചു. ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. കല്ലറ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പോലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
അതേസമയം കല്ലറ തുറന്ന് പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം.