എരുമേലി വിമാനത്താവളം : വിദഗ്ധ സമിതി പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി
പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലാണ് ശിപാർശ നൽകേണ്ടത്.
എരുമേലി: നിർദിഷ്ട എരുമേലി വിമാനത്താവള പദ്ധതിയുടെ സർക്കാർതല ഒമ്പതംഗ വിദഗ്ധ സമിതി ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.
പദ്ധതിക്ക് വേണ്ടി പൊളിച്ചു നീക്കേണ്ടി വരുന്ന സ്കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ച സമിതി എസ്റ്റേറ്റ് ലയങ്ങളിൽ തോട്ടംത്തൊഴിലാളികളെ നേരിൽ കണ്ട് അഭിപ്രായങ്ങൾ തേടി. പദ്ധതി ബാധിതരായ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയ സമിതി അംഗങ്ങൾ ഓരോരുത്തരുടെയും അഭിപ്രായം ചോദിച്ചു. ഒപ്പം അഭിപ്രായങ്ങൾ എഴുതി എടുത്തു. ഇനി ആർക്കെങ്കിലും അഭിപ്രായങ്ങൾ അറിയിക്കാനുണ്ടെങ്കിൽ വൈകാതെ എഴുതി തയാറാക്കി സമർപ്പിക്കണമെന്ന് അറിയിച്ചു.
2,263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിനൊപ്പം ഏറ്റെടുക്കുന്ന 307 ഏക്കർ സ്വകാര്യ ഭൂമി ഉൾപ്പെടുന്ന ഒഴക്കനാട് വാർഡിലെ കനകപ്പലം എൻഎംഎൽപി സ്കൂളിൽ നിന്നായിരുന്നു തുടക്കം. ഏഴ് ആരാധനാലയങ്ങളും ഒരു സ്കൂളും അഞ്ച് കച്ചവട സ്ഥാപനങ്ങളും നീക്കം ചെയ്യണമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതിന് ശേഷം കാരിത്തോട് തോട്, പഞ്ചപരാശക്തി ക്ഷേത്രം, പൂവൻപാറമല ക്ഷേത്രം, ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദ്, എക്യൂമെനിക്കൽ ചർച്ച് എന്നിവ സന്ദർശിച്ചു.
അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ഏറ്റെടുത്ത ശേഷം ഈ ആരാധനാലയങ്ങൾ പൊളിച്ചു നീക്കി പുനർ നിർമിക്കണമെന്നാണ് പഠന റിപ്പോർട്ടിലെ നിർദേശം.
തൊഴിലും പുനരധിവാസവും സംബന്ധിച്ച് ആശങ്ക മാറ്റി പാക്കേജ് പ്രഖ്യാപിക്കണമെന്ന് ലയങ്ങളിലെ തൊഴിലാളികൾ ആവശ്യപ്പെട്ടു. എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും ഉൾപ്പെടെ മൊത്തം 352 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കേണ്ടി വരുന്നത്. തുടർന്ന് എസ്റ്റേറ്റ് ഓഫീസിൽ എത്തി ജീവനക്കാരെ കണ്ട സമിതി അംഗങ്ങൾ സമീപത്തെ എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തി മാനേജരുമായി സംസാരിച്ചു. ബ്രിട്ടീഷ് കാലത്ത് പണികഴിപ്പിച്ച ബംഗ്ലാവ് കെട്ടിടം പൊളിച്ചു നീക്കാനുള്ള പട്ടികയിലുണ്ട്.
തുടർന്ന് മണിമല പഞ്ചായത്തിലെ പദ്ധതി ബാധിത പ്രദേശങ്ങളിൽ എത്തി ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി മടങ്ങുകയായിരുന്നു.
ഈ മാസം ഒടുവിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സോഷ്യോളജിസ്റ്റ്, പുനരധിവാസ വിദഗ്ധർ, തദ്ദേശവാർഡ് പ്രതിിധികൾ തുടങ്ങിയവരടങ്ങിയ ഒമ്പതംഗ സമിതി. പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലാണ് ശിപാർശ നൽകേണ്ടത്. ഇതിന് രണ്ട് മാസം ആണ് സർക്കാർ സാവകാശം നൽകിയിരിക്കുന്നത്.
സാമൂഹികനീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പ്രതാപനാണ് സമിതി ചെയർമാൻ. നിഷാ ജോജി നെൽസൺ (സോഷ്യോളജിസ്റ്റ്), ഡോ. ഷഹവാസ് ഷെരീഫ് പി. (സിഎംഎസ് കോളജ്, കോട്ടയം), ഡോ. നൗഷാദ് പി.പി. (എംജി സർവകലാശാല), ഹരികുമാർ ആർ. (മുൻ എക്സിക്യുട്ടീവ് ഡയറക്ടർ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ), എരുമേലി പഞ്ചായത്ത് അംഗങ്ങളായ അനുശ്രീ സാബു, അനിതാ സന്തോഷ്, മണിമല പഞ്ചായത്ത് അംഗങ്ങളായ റോസമ്മ ജോൺ, ബിനോയ് വർഗീസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.