ഇന്ത്യൻ നേവൽ വെറ്ററൻസ് സൊസൈറ്റിയുടെ സ്ഥാപക ദിനം ആചരിച്ചു

ഇന്ത്യൻ നാവിക സേന വിമുക്തഭട സൊസൈറ്റിയുടെ (INVeS) 8-ാമത് സ്ഥാപക ദിനം ഇന്ന് (മാർച്ച് 07) തിരുവനന്തപുരം പാങ്ങോട് INVeS സെന്ററിൽ ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ ജയനും പ്രതിരോധ വകുപ്പ് പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീമതി സുധ എസ് നമ്പൂതിരിയും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. നാവിക ആർമമെൻ്റ് യൂണിറ്റ് , വ്യോമസേന വെറ്ററൻസ് അസോസിയേഷൻ, അനന്തപുരി സൈനികർ, നാവിക സേനയിലെ വിരമിച്ച സൈനികർ എന്നിവരുടെ പ്രതിനിധികൾ, INVeS പ്രസിഡന്റ് ശ്രീ സുനിൽ നിത്യാനന്ദൻ, സെക്രട്ടറി ശ്രീ മനോജ് കുമാർ, വൈസ് പ്രസിഡന്റ് ശ്രീ ബാബു പ്രദീപ് എന്നിവർ പങ്കെടുത്തു.
നാവിക സേന വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി 2018 ൽ നിലവിൽ വന്ന
സൊസൈറ്റിയിൽ ഇപ്പോൾ 650 അംഗങ്ങളുണ്ട്. തിരുവനന്തപുരം വെറ്ററൻ സെയിലേഴ്സ് വെൽഫെയർ സൊസൈറ്റി (TVSWS) എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നേവൽ വെറ്ററൻസ് സൊസൈറ്റി (INVeS), ഇന്ത്യൻ നാവികസേനയിൽ നിന്ന് വിരമിച്ച നാവികരുടെ ഒരു മതേതരവും രാഷ്ട്രീയേതരവുമായ സംഘടനയാണ്, അംഗങ്ങളുടെ ക്ഷേമം എന്ന പ്രധാന ലക്ഷ്യത്തോടെ, സൊസൈറ്റി അവർക്കിടയിൽ സൗഹൃദം വളർത്തുന്നു. ആവശ്യാനുസരണം നാവിക സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും INVeS ധാർമ്മികവും നടപടിക്രമപരവുമായ പിന്തുണ നൽകുന്നു. മാത്രമല്ല, വിരമിക്കലിനുശേഷം അനുയോജ്യമായ ഒരു ജോലി കണ്ടെത്താൻ സംഘടന അംഗങ്ങളെ സഹായിക്കുന്നു.