സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഗവർണർ; സത്യപ്രതിജ്ഞ തിങ്കളാഴ്ച
തിരുവനന്തപുരം: സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ ഗവർണർ ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സതീശൻ ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറിയത്.
കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.
വൈകിട്ട് നടന്ന നിയമസഭ കക്ഷി യോഗത്തിൽ വിഡി സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുമ്പ് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്. എഐസിസി തീരുമാനം ദീപദാസ് മുൻഷി ആദ്യം യോഗത്തെ അറിയിച്ചു. അതിന് ശേഷം സണ്ണിജോസഫും മുകൾ വാസനിക്കും വിഡി സതീശനും സംസാരിച്ചു. യോഗത്തിൽ കെ സി വേണുഗോപാലിൻ്റെ സേവനം സതീശൻ എടുത്തുപറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിനായി കേരളത്തിൽ വരണം എന്ന് കെസിയോട് ആവശ്യപ്പെടുകയും ചെയ്തു. രമേശ് ചെന്നിത്തല ഞങ്ങളുടെ നേതാവ് എന്ന് പറഞ്ഞ സതീശൻ നിരീക്ഷകർക്കും ദീപദാസ് മുൻഷിക്കും നന്ദി പറഞ്ഞു. സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.


