തിരുവനന്തപുരം : 2025 സെപ്തംബർ 22
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), “AI & ML for Transformative Innovation: Bridging R&D Frontiers and Industry” എന്ന വിഷയത്തിൽ സുവർണ്ണ ജൂബിലി ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചു. കോൺക്ലേവിൽ നിർമിത ബുദ്ധി (AI) മെഷീൻ ലേണിംഗ് (ML) എന്നിവയുടെ പരിവർത്തനശേഷി സംബന്ധിച്ച ചർച്ചകൾ നടന്നു. വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്‌സി) ഡയറക്ടർ ഡോ. എ. രാജരാജൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ എഐ/എംഎല്ലിന്റെ വിപ്ലവകരമായ പങ്ക് അദ്ദേഹം ഊന്നിപറഞ്ഞു. CSIR-NIIST ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. CSIR-NIIST-ൽ കാൻസർ ആദ്യഘട്ടത്തിൽ കണ്ടെത്തുന്നതിനായി AI/ML ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബെംഗളൂരു CSIR–ഫോർത്ത് പരഡൈം ഇൻസ്റ്റിറ്റ്യൂട്ട് (CSIR-4PI) ഡയറക്ടർ ഡോ. ഗോപാൽ കൃഷ്ണ പാത്ര, C-DAC സീനിയർ ഡയറക്ടർ ഡോ. സുബോധ് പി.എസ്. എന്നിവർ പങ്കെടുത്തു.
കോൺക്ലേവിൽ AI-പവേർഡ് സൈബർസുരക്ഷ, വ്യവസായ തലത്തിലുള്ള നൂതനാശയങ്ങൾ, ജനറേറ്റീവ് AI, വസ്തു രൂപകൽപ്പന, പരിസ്ഥിതി സുസ്ഥിരത, ബയോമെഡിക്കൽ ഗവേഷണം എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങളും നടന്നു. സോഫ്റ്റ്‌വേർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യ (STPI) സയന്റിസ്റ്റ് F ഡോ. ഡിറ്റിൻ ആൻഡ്രൂസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) പ്രൊഫസർ
ഡോ. സുമിത്ര എസ്., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) അസോസിയേറ്റ് പ്രൊഫസർ ഡോ. അനന്ത് ഗോവിന്ദ് രാജൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. “AI Across Domains: Research Frontiers to Industry Impact” എന്ന പാനൽ ചർച്ചയിൽ പ്രൊഫ്. രാം രാജശേഖരൻ (CUTN), ശ്രീമതി നിഷാ ജി. ആർ. (VSSC), പ്രൊഫ. ഗോവിന്ദൻ കുട്ടി (IIST), ശ്രീ.ജെ. പി. അനന്ദ് കുമാർ (JSW), ഡോ. വി. രാകേഷ് (CSIR-4PI) എന്നിവർ പങ്കെടുത്തു