സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

തൈക്കാട്:ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഹോപ്, എസ് പി സി എന്നീ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ അഭിമാന നേട്ടങ്ങളാണ് ഈ പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നുള്ള 379 പൂർവ്വവിദ്യാർത്ഥികളാണ് നിലവിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുകയോ പരീക്ഷയിൽ പരാജയപ്പെടുകയോ ചെയ്ത 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഔപചാരിക വിദ്യാഭ്യാസം പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് 2017-ൽ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ഹോപ്പ്. പരീക്ഷാ പരാജയം വിദ്യാഭ്യാസ പ്രക്രിയയുടെ അവസാനമല്ലെന്ന് കുട്ടികളെ ബോധവത്കരിക്കാനും, പഠനത്തിൽ പിന്നോട്ട് പോകുന്നതിലൂടെ നഷ്ടപ്പെടുന്ന ആത്മാഭിമാനം വീണ്ടെടുക്കാനും ഈ പദ്ധതി സഹായിച്ചു. പരീക്ഷയിലെ പരാജയം ജീവിതത്തിന്റെ അവസാനമല്ല. മറിച്ച് കൂടുതൽ കരുത്തോടെ ജീവിത വിജയം നേടാനുള്ള അവസരമാക്കി മാറ്റണം.വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ ചേർത്തു പിടിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇതുവരെ 4364 കുട്ടികൾക്ക് പരീക്ഷാ വിജയം നേടിക്കൊടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2010 ഓഗസ്റ്റ് 2-ന് ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അതിന്റെ 15-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തെ സ്‌കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വിദ്യാർത്ഥി നവീകരണ പ്രസ്ഥാനമായി ഇത് വളർന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ ഉത്തരവാദിത്തബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിനുള്ള ഒരു ചാലകശക്തിയായി എസ്.പി.സി. മാറിയിട്ടുണ്ട്.
നിലവിൽ 1048 സ്‌കൂളുകളിലായി 87,547 വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ പരിശീലനം നേടിവരുന്നു. എസ്.പി.സി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ മൂന്നര ലക്ഷത്തിലധികം കേഡറ്റുകൾ ഇപ്പോൾ ജീവിതത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചുകൊണ്ട് മാതൃകയായി സേവനം അനുഷ്ഠിച്ചുവരുന്നു. ലഹരി വിരുദ്ധ പ്രചരണത്തിലടക്കം ക്രിയാതാകമായ പങ്ക് കേഡറ്റുകൾ നിർവഹിച്ചു വരുന്നു. എസ് പി സി കേഡറ്റുകൾക്ക് യൂണിഫോം സർവീസ് നിയമനത്തിന് കേരള പി എസ് സിയിൽ നിശ്ചിത ശതമാനം ഒഴിവുകൾ മാറ്റിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയിച്ചവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജേതാക്കൾക്കുള്ള ഉപഹാരം മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി.
സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഡി.ജി.പി. (എച്ച്.ക്യു.) എസ്. ശ്രീജിത്ത് സ്വാഗതമാശംസിച്ചു. എ.ഡി.ജി.പി ക്രമസമാധാനം എച്ച്. വെങ്കിടേഷ്, എ ഡി ജി പി പി ഇന്റലിജൻസ് വിജയൻ, ഐ.ജി (പരിശീലനം) ഗുഗുല്ലോത്ത് ലക്ഷ്മൺ, യൂണിസെഫ് സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് ജി. കുമരേശൻ എന്നിവർ സംബന്ധിച്ചു.സോഷ്യൽ പോലീസിംഗ് ഡയറക്ടർ ഡി.ഐ.ജി എസ്. അജിത ബീഗം നന്ദി അറിയിച്ചു