സ്റ്റേറ്റ് ഹജ്ജ്‌ ഇൻസ്‌പെക്ടർ പരിശീലനം മുംബൈയിൽ പൂർത്തിയായി

Jan 26, 2026
സ്റ്റേറ്റ് ഹജ്ജ്‌ ഇൻസ്‌പെക്ടർ പരിശീലനം മുംബൈയിൽ പൂർത്തിയായി

ഈ വർഷത്തെ ഹജ്ജ്‌ സീസണിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ്‌ കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് പോവുന്ന ഹാജിമാരെ യാത്രാവേളയിലും മക്കയിലെയും മദീനയിലെയും താമസക്കാലയളവിലും സഹായിക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി നിയമിക്കപെടുന്ന സ്റ്റേറ്റ് ഹജ്ജ്‌ ഇൻസ്‌പെക്ടർമാർക്കുള്ള ദ്വിദിന പരിശീലനപരിപാടി മുംബൈയിൽ സമാപിച്ചു. ഹജ്ജിനായി വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങുന്നതുമുതൽ ഹജ്ജ്‌ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നതുവരെ തീർത്ഥാടകരുടെ വിവിധ കാര്യങ്ങളിൽ ഔദ്യോഗികവിഷയങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് നൂറ്റിഅൻപത് പേർക്ക് ഒരാൾ എന്ന നിലയിൽ സർക്കാർ സർവ്വീസിൽ ഉള്ളവരെ താത്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സ്റ്റേറ്റ് ഹജ്ജ്‌ ഇൻസ്‌പെക്ടർ ആയി നിയമിക്കുന്നത്. ദേശീയ തലത്തിൽ നടത്തുന്ന ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് പരിശീലനം പൂർത്തിയാക്കിയത്. ഹജ്ജ്‌ നടപടിക്രമങ്ങൾ, മെഡിക്കൽ സേവനങ്ങൾ, എയർലൈൻസ്, കസ്റ്റംസ്, എമിഗ്രേഷൻ, ഫോറിൻ കറൻസി, ആൾക്കൂട്ട നിയന്ത്രണം, പ്രഥമശുശ്രൂഷ, ദുരന്തനിവാരണം, സൗദി നിയമങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദർ ക്ലാസ്സെടുത്തു. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് ഖാൻ ഖസൂരി, കേന്ദ്ര മൈനോറിറ്റി സെക്രട്ടറി ഡോ. ചന്ദ്ര ശേഖർ കുമാർ, ഹജ്ജ്‌ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ്.സി., നസീം, ഡപ്യൂട്ടി സി.ഇ.ഒ. സദഖത് അലി, ഡപ്യൂട്ടി സി.ഇ.ഒ. നിയാസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി ഓഫീസിനെ പ്രതിനിധീകരിച്ച് നോഡൽ ഓഫീസർ പി. കെ.അസ്സൈൻ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് 10% ശതമാനം വെയ്റ്റിംഗ് ലിസ്റ്റിലുള്ള ഒമ്പത് പേർ ഉൾപ്പെടെ 96 പേർ പരിശീലനത്തിൽ പങ്കെടുത്തു.