നാലുവർഷ ബിരുദ കോഴ്‌സുകൾ കാലാനുസൃത പരിഷ്‌കാരം; മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളായി പുനഃസംഘടിപ്പിക്കുന്നു
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ (FYUGP) കൂടുതൽ ആകർഷകവും നവീനവും തൊഴിൽമുഖമാക്കുന്നതും ലക്ഷ്യമിട്ട് ബിരുദ കോഴ്‌സുകളെ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളായി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സെക്രട്ടേറിയറ്റ് പി.ആർ ചേബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025 സെപ്റ്റംബർ 13ന് തൃശ്ശൂരിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ നയപരമായ തീരുമാനമെടുത്തത്. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ, നിലവിലുള്ള അധ്യാപകരുടെ വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തി കോളേജുകൾ ഇത് നടപ്പിലാക്കണം. പുതിയ പ്രോഗ്രാമുകൾ സംബന്ധിച്ച പ്രൊപ്പോസലുകൾ കോളേജുകൾ സർവ്വകലാശാലകൾക്ക് സമർപ്പിക്കേണ്ടതാണ്. ഇതെല്ലം പരിശോധിച്ച ശേഷമായിരിക്കും സർവ്വകലാശാലകൾ പുതിയ കോഴ്‌സുകൾക്ക് അനുമതി നൽകുക. നിലവിലുള്ള വർക്ക് ലോഡ് മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വിവിധ വകുപ്പുകളിലെ അധ്യാപകരുടെ സേവനം സംയോജിപ്പിച്ച് അന്തർവൈജ്ഞാനിക കോഴ്‌സുകൾ നടപ്പിലാക്കാവുന്നതാണ്. വ്യത്യസ്ത ഡിപ്പാർട്‌മെന്റുകളിലെ അധ്യാപകർ ഒരു കോഴ്‌സ് ഒന്നിച്ചു തയ്യാറാക്കി പഠിപ്പിക്കുന്നത് കേരളത്തിൽ പുതിയൊരു അക്കാഡമിക് സംസ്‌കാരത്തിന് തുടക്കം കുറിക്കും. ഇതുമായി ബന്ധപ്പെട്ട് ഇംപ്ലിമെന്റേഷൻ സെൽ തയ്യാറാക്കിയ വിശദമായ മാതൃകാ മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകൾക്ക് കൈമാറുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉദാഹരണമായി, നിലവിലെ ബി.എ. ഇക്കണോമിക്‌സിനെ ബി.എ. ഇക്കണോമിക്‌സ് ആൻഡ് ഡാറ്റ അനലിറ്റിക്‌സ് എന്നും, ബി.എസ്‌സി ഫിസിക്‌സിനെ ബി.എസ്‌സി അപ്ലൈഡ് ഫിസിക്‌സ് ആൻഡ് റിന്യൂവബിൾ എനർജി എന്നും, ബി.കോമിനെ ബി.കോം ഇൻ ഫിൻടെക് ആൻഡ് ഡിജിറ്റൽ ബാങ്കിംഗ് എന്നും, ബി.എസ്‌സി മാത്തമാറ്റിക്‌സിനെ ബി.എസ്‌സി മാത്തമാറ്റിക്കൽ സയൻസസ് ആൻഡ് ക്രിപ്‌റ്റോഗ്രഫി എന്നും മാറ്റി പുനഃസംഘടിപ്പിക്കാവുന്നതാണ്. അധ്യാപകർ തങ്ങളുടെ മേഖലയിലെ മാറ്റങ്ങൾ മനസ്സിലാക്കി തങ്ങൾ പഠിപ്പിക്കുന്ന കോഴ്‌സുകൾ നവീകരിക്കുകയും കാലികപ്രസക്തമാക്കുകയും ചെയ്യുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.


