കേരളത്തില്‍ നേതൃപ്രതിസന്ധി; പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ മുന്നില്‍ മറ്റു വഴികളുണ്ട്: തുറന്നടിച്ച് തരൂര്‍
കോണ്‍ഗ്രസ് ജനകീയത വർധിപ്പിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടുമെന്നും, കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ കോൺഗ്രസിന് കേരളത്തില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരുമെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിയെക്കുറിച്ച് പറയുമ്പോള്‍ താന്‍ എപ്പോഴും തന്റെ അഭിപ്രായങ്ങള്‍ നിര്‍ഭയമായി പ്രകടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. അതില്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ, ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയോടെ ചിന്തിക്കാറില്ല. അതുകൊണ്ടു തന്നെ തനിക്ക് ബോധ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍, രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറയുന്നു.
കേരളത്തില്‍ പുതിയ വോട്ടര്‍മാരെയും യുവാക്കളേയും പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ ശേഷിയുള്ള ഒരു നേതാവിന്റെ അഭാവം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. തിരുവനന്തപുരത്ത് തന്റെ ജനകീയത പാര്‍ട്ടിക്കും ഗുണകരമാകുന്നുണ്ട്. പൊതുവെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും തനിക്ക് വോട്ട് ചെയ്തു. അതാണ് പാര്‍ട്ടിക്ക് വേണ്ടത്.
കേരളത്തിലെ നേതൃസ്ഥാനം സംബന്ധിച്ച് സ്വതന്ത്ര സംഘടനകള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ കോണ്‍ഗ്രസിലെ മറ്റുള്ളവരേക്കാള്‍ താന്‍ ഏറെ മുന്നിലാണ്. പാര്‍ട്ടി അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, താന്‍ പാര്‍ട്ടിക്കു വേണ്ടി ഉണ്ടാകും. അല്ലെങ്കില്‍, തനിക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുണ്ട്. തനിക്ക് മറ്റ് മാര്‍ഗമില്ലെന്ന് നിങ്ങള്‍ കരുതരുത്. പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളുണ്ട്. ലോകമെമ്പാടു നിന്നും പ്രസംഗം നടത്താന്‍ ക്ഷണങ്ങള്‍ ഉണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും, കോണ്‍ഗ്രസിന് അവരുടെ നിലവിലെ വോട്ട് അടിത്തറ കൊണ്ട് മാത്രം വിജയിക്കാന്‍ കഴിയില്ല എന്നത് ഒരു യാഥാർഥ്യമാണ്. കോണ്‍ഗ്രസ് ജനകീയത വർധിപ്പിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടുമെന്നും, കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂരുമായി തുടർചർച്ചകളില്ലെന്ന സൂചനയാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുന്നോട്ടു വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന