ഹജ്ജ്: കരിപ്പൂരില്‍നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്
സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20-ന് തുടങ്ങും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 21-ന് രാത്രി 12.05ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20-ന് തുടങ്ങും. ആദ്യദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൂന്ന് ഹജ്ജ് സര്‍വീസുകളാണ് നടത്തുക. 21-ന് രാവിലെ എട്ടിന് രണ്ടാമത്തെ വിമാനവും വൈകീട്ട് മൂന്നിന് മൂന്നാമത്തെ വിമാനവും പുറപ്പെടും.ജിദ്ദയിലേക്കു പുറപ്പെടുന്ന ഓരോ വിമാനത്തിലും 166 തീര്‍ഥാടകര്‍ യാത്രചെയ്യും. ജൂണ്‍ ഒമ്പതു വരെയായി 59 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ എട്ടിന് നാലുവിമാനവും ഒമ്പതിന് ഒരു വിമാനവും സര്‍വീസ് നടത്തും. മറ്റു ദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളാണുണ്ടാകുക.9794 തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 10371 പേര്‍ കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്നുണ്ട്. നാലുവിമാനങ്ങള്‍ അധികസര്‍വീസ് നടത്തി മുഴുവന്‍പേരെയും ജിദ്ദയിലെത്തിക്കും. തീര്‍ഥാടകരുടെ വിശദമായ യാത്രാസമയക്രമം അടങ്ങിയ ഫ്‌ളൈറ്റ് മാനിഫെസ്റ്റ് പുറത്തിറക്കിയിട്ടില്ല.
ആദ്യ വിമാനത്തില്‍ പുറപ്പെടുന്നവര്‍ 20-ന് രാവിലെ 10നകം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിലെത്തണം. രണ്ടാമത്തെ വിമാനത്തില്‍ പോകുന്നവര്‍ ഉച്ചയ്ക്ക് 12 മണിക്കും മൂന്നാമത്തെസംഘം ഉച്ചയ്ക്ക് രണ്ടുമണിക്കും ഹജ്ജ് ക്യാമ്പിലെത്തണം.കരിപ്പൂരിനു പുറമെ കണ്ണൂരില്‍നിന്നും കൊച്ചിയില്‍നിന്നും ഹജ്ജ് സര്‍വീസുണ്ട്.കൊച്ചിയില്‍നിന്ന് മേയ് 26നും കരിപ്പൂരില്‍നിന്ന് ജൂണ്‍ ഒന്നിനുമാണ് സര്‍വീസ് തുടങ്ങുന്നത്.കൊച്ചിയില്‍നിന്ന് 4228 തീര്‍ഥാടകരും കണ്ണൂരില്‍ നിന്ന് 3112 തീര്‍ഥാടകരുമാണുള്ളത്.