പി.വി.അൻവര്‍ റിമാൻഡിൽ; ഇന്ന് ജാമ്യാപേക്ഷ നൽകും
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പി.വി.അൻവർ എംഎൽഎ ഇന്ന് ജാമ്യാപേക്ഷ നൽകും. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുള്ളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്.
ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. അതിനിടെ അൻവറിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തി. അൻവറിന്റെ അറസ്റ്റിൽ സർക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കി.
പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ അൻവറിന്റെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു