ഏത് ഭാഷക്കാരുമായും ഇനി ചാറ്റ് ചെയ്യാം ;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്.
വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും
വാട്‌സാപ്പ് പോലുള്ള ചാറ്റിങ് ആപ്പുകള്‍ ഓരോരുത്തര്‍ക്കും എഴുതാനും പറയാനും അറിയുന്ന ഭാഷകളില്‍ മാത്രമേ വാട്‌സാപ്പിലൂടെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനാവൂ. എന്നാല്‍ ഇനി ആ തടസമില്ല. ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാന്‍ ഇനി വാട്‌സാപ്പിലൂടെ സാധിക്കും.ഇതിനായി സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി ട്രാന്‍സ് ലേറ്റ് ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി പ്രത്യേകം ലാംഗ്വേജ് പായ്ക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. തര്‍ജ്ജമ ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് കീഴില്‍ തര്‍ജ്ജമ ചെയ്തതാണെന്ന് അറിയിക്കുന്ന ലേബലും ഉണ്ടാവും. നിലവില്‍ ഈ ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ്. ഭാവി വാട്‌സാപ്പ് അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ എത്തും.വാട്‌സാപ്പിന്റെ 2.24.15.12 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയതെന്ന് വാബീറ്റ ഇന്‍ഫോ എന്ന ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റ് പറയുന്നു.വാട്‌സാപ്പിന്റെ തന്നെ ട്രാന്‍സ്ലേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഫോണില്‍ തന്നെ ആയിരിക്കും ഇതിന്റെ പ്രൊസസിങ് നടക്കുക. ഇതുവഴി സന്ദേശങ്ങളുടെ സ്വകാര്യതയും എന്‍ക്രിപ്ഷനും ഉറപ്പുവരുത്താന്‍ സാധിക്കും. തുടക്കത്തില്‍ ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, പോര്‍ചുഗീസ്, റഷ്യന്‍, ഹിന്ദി ഭാഷകളിലാണ് ഈ സൗകര്യം എത്തുക.സമാനമായി ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്. വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അവ വായിച്ചറിയാന്‍ ഈ ഫീച്ചര്‍ സഹായകമാവും.