മുംബൈയിൽ കനത്ത മഴ ;ഇന്ന് ഓറഞ്ച് അലർട്ട്
മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു
മുംബൈ : ഒരു ചെറിയ ഇടവേളക്ക് ശേഷം മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മഴ വീണ്ടും കനത്തു. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പൂനെ, പാൽഘർ, സത്താറ ജില്ലകൾ മഞ്ഞ ജാഗ്രതയിലാണ്. ഈ മേഖലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് ഐഎംഡി മുന്നറിയിപ്പ്. 12 മണിക്കൂറിൽ കോളാബയിൽ 101 മില്ലീമീറ്റർ മഴയും സാന്താക്രൂസിൽ 50 മില്ലീമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.വ്യാഴാഴ്ച രാവിലെ നാലോടെയാണ് ശക്തിപ്പെട്ട മഴയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരത്തിന്റെ പല ഭാഗത്തും 50 മില്ലീമീറ്ററിലധികം മഴപെയ്തെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തിയാകാൻ കാരണം. വെള്ളിയാഴ്ച മുംബൈയിൽ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.