സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌ക്കാരം സമ്മാനിക്കും

Feb 4, 2026
സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്
malayankeezhu gopalakrishnan

തിരുവനന്തപുരം:മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌ക്കാരത്തിന് മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ അർഹനായതായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് അറിയിച്ചു. ഫെബ്രുവരി 5 ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌ക്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്.

മുതിർന്ന മലയാള പത്രപ്രവർത്തകനും നിരവധി ചരിത്ര പുസ്തകങ്ങളുടെ രചയിതാവുമാണ് തിരുവനന്തപുരം സ്വദേശിയായ മലയിൻകീഴ് ഗോപാലകൃഷ്ണൻ. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മാതൃഭൂമിയിൽ ന്യൂസ് എഡിറ്റർ, സ്പെഷ്യൽ കറസ്പോണ്ടന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.  നിരവധി ചരിത്രപുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ എഴുതിയിരുന്ന 'നഗരപ്പഴമ' എന്ന പ്രശസ്ത പംക്തിയും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. ടി. എൻ. സീമ, ഡോ. എം. വി. നാരായണൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

25,000 രൂപയും ഫലകവും അടങ്ങുന്നതാണ് സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്കു 15,000 രൂപയും ഫലകവും സമ്മാനിക്കും.

സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും നൽകും. ഈ വിഭാഗത്തിൽ പ്രോത്സാഹന സമ്മാന ജേതാക്കൾക്ക് 2500 രൂപയും സർട്ടിഫിക്കറ്റും സമ്മാനിക്കും.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ്  മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, മേയർ വി വി രാജേഷ്, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ യു ഡബ്ല്യു ജെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി നായർ,  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി വി സുഭാഷ്, അഡീഷണൽ ഡയറക്ടർ (ജനറൽ) കെ ജി സന്തോഷ്, അഡീഷണൽ ഡയറക്ടർ വി പി പ്രമോദ് കുമാർ (ഇഎംഡി) തുടങ്ങിയവർ പങ്കെടുക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.