ശ്രീനാരായണ ഗുരുവിന്റെ ഐക്യ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നത് എല്ലാ മനുഷ്യരും ഒരേ ദൈവിക സത്ത പങ്കിടുന്നുവെന്നാണ്: രാഷ്ട്രപതി ദ്രൗപദി മുർമു
ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു തുടക്കം കുറിച്ചു

ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷം ഇന്ന് വർക്കല ശിവഗിരി മഠത്തിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീ ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ഇന്ത്യയിലെ മഹാനായ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹിക പരിഷ്കർത്താവുമായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സാമൂഹികവും ആത്മീയവുമായ ഭൂമികയെ സ്വാധീനിച്ച ഒരു സന്യാസിയും തത്വചിന്തകനുമായിരുന്നു അദ്ദേഹം. സമത്വം, ഐക്യം, മനുഷ്യ സ്നേഹം എന്നീ ആദർശങ്ങളിൽ വിശ്വസിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച അഖിലേന്ത്യാ നവോത്ഥാനത്തിലെ പ്രമുഖരിൽ ഒരാളായ ശ്രീനാരായണ ഗുരു, അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ഇരുട്ടിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. എല്ലാ അസ്തിത്വങ്ങളുടെയും ഏകത്വത്തിൽ അദ്ദേഹം വിശ്വസിച്ചു. എല്ലാ ജീവജാലങ്ങൾക്കുള്ളിലെയും ദിവ്യ സാന്നിധ്യമായി അദ്ദേഹം ദൈവത്തെ കണ്ടുവെന്നും “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ശക്തമായ സന്ദേശം അദ്ദേഹം നൽകിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
അദ്ദേഹത്തിൻ്റെ തത്വങ്ങൾ മതം, ജാതി, വിശ്വാസം എന്നിവയുടെ അതിരുകൾക്കപ്പുറത്തേക്ക് കടന്നുപോയെന്ന് രാഷ്ട്രപതി എടുത്തുപറഞ്ഞു. യഥാർത്ഥ മോചനം അന്ധമായ വിശ്വാസത്തിൽ നിന്നല്ല, മറിച്ച് അറിവിൽ നിന്നും അനുകമ്പയിൽ നിന്നുമാണ് വരുന്നതെന്നും അദ്ദേഹം വിശ്വസിച്ചു. ശ്രീനാരായണ ഗുരു എല്ലായ്പ്പോഴും ആത്മശുദ്ധീകരണം, ലാളിത്യം, സാർവത്രിക സ്നേഹം എന്നിവക്ക് ഊന്നൽ നൽകി.
ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളും വിദ്യാലയങ്ങളും സാമൂഹിക സ്ഥാപനങ്ങളും അടിച്ചമർത്തപ്പെട്ട സമുദായങ്ങൾക്കിടയിൽ സാക്ഷരതയുടെയും സ്വയം പര്യാപ്തതയുടെയും ധാർമ്മിക മൂല്യങ്ങളുടെയും കേന്ദ്രങ്ങളായി വർത്തിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ കാവ്യങ്ങൾ അഗാധമായ ദാർശനിക ഉൾക്കാഴ്ചയെ ലാളിത്യവുമായി സമന്വയിപ്പിച്ചു. അദ്ദേഹത്തിന്റെ കൃതികൾ മനുഷ്യ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യത്തെ പ്രതിഫലിപ്പിക്കുന്നു.
ഇന്നത്തെ ലോകത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം കൂടുതൽ പ്രസക്തമാകുന്നുവെന്നും രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. ഐക്യത്തിനും സമത്വത്തിനും പരസ്പര ബഹുമാനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനം എല്ലായ്പ്പോഴും മനുഷ്യരാശി നേരിടുന്ന സംഘർഷങ്ങൾക്ക് കാലാതീതമായ പരിഹാരം വാഗ്ദാനം ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരുവിൻ്റെ ഐക്യസന്ദേശം എല്ലാ മനുഷ്യരും ഒരേ ദൈവിക സത്ത പങ്കിടുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന മന്ത്രിമാരായ ശ്രീ വി ശിവൻകുട്ടി, ശ്രീ വി എൻ വാസവൻ, എം പി അടൂര്‍ പ്രകാശ്, എം എൽ എ ശ്രീ വി ജോയ്, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്ര ശേഖർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.