കന്നുകാലികളിൽ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും; പാലിന്റെ അളവ്,വാക്സിനേഷനുകൾ,ഉടമയുടെ വിവരങ്ങളടക്കം ഇ-സമൃദ്ധയുടെ ആപ്പിൽ ലഭ്യമാവും
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധയുടെ ഭാഗമായാണ് കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം ഒരുക്കുന്നത്.

പത്തനംതിട്ട : കന്നുകാലികളിൽ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി ഏപ്രിലോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പത്തനംതിട്ട ജില്ലയിൽ വിജയകരമായി പൂർത്തിയാക്കിയ പദ്ധതി ഒന്നരവർഷമായി തുടർപ്രവർത്തനങ്ങൾ ഇല്ലാതെ നിലച്ചിരിക്കുകയായിരുന്നു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധയുടെ ഭാഗമായാണ് കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം ഒരുക്കുന്നത്.കന്നുകാലികളുടെ ചെവിയിലെ തൊലിക്കടിയിലാണ് ചിപ്പ് സ്ഥാപിക്കുന്നത്.
ചിപ്പ് ഘടിപ്പിച്ച് ഡേറ്റ എൻട്രി നടത്തുന്നതിലൂടെ കന്നുകാലികളുടെ വിവരങ്ങൾ, അവയ്ക്കെടുത്തതും എടുക്കേണ്ടതുമായ വാക്സിനേഷനുകൾ, തരുന്ന പാലിന്റെ അളവ്, ഉടമയുടെ വിവരങ്ങൾ തുടങ്ങിയവ ഇ-സമൃദ്ധയുടെ ആപ്പിലും പോർട്ടലിലും ലഭ്യമാക്കും.
പത്തനംതിട്ട ജില്ലയിലെ പദ്ധതി ഒരുമാസംകൊണ്ട് പൂർത്തിയാക്കാനാണ് അധികൃതർ നിർദേശിച്ചത്. 7.5 കോടി രൂപ ഇതിനായി നൽകി. എന്നാൽ, ജീവനക്കാരുടെ കുറവും വിവരശേഖരണത്തിനായുള്ള സാങ്കേതികസംവിധാനങ്ങളുടെ അപര്യാപ്തതയുംമൂലം നാലുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്.