കെ സ്മാർട്ട് ഏപ്രിൽ ആദ്യം മുഴുവൻ ത്രിതലപഞ്ചായത്തുകളിലേക്കും ;വിദേശത്തിരുന്നും ഗ്രാമസഭയിൽ പങ്കെടുക്കാം
വോട്ടവകാശമുള്ളവർക്ക് എവിടെനിന്നും ലോഗിൻ ചെയ്ത് വീഡിയോ കോൺഫറൻസ് വഴി ഗ്രാമസഭകളിൽ പങ്കെടുക്കാനാകും.സുലേഖ സോഫ്‌റ്റ്‌വെയറും കെ സ്‌മാർട്ടുമായി സംയോജിപ്പിക്കുന്നതോടെ സേവനം കൂടുതൽ വിപുലീകരിക്കും.

തിരുവനന്തപുരം : ഇ- ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട കെ സ്‌മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു.നിലവിലുള്ള സുലേഖ സോഫ്‌റ്റ്‌വെയർ പരിഷ്‌കരിച്ചാകും ക്രമീകരണങ്ങൾ ഒരുക്കുക. ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) ഇതിനായി ‘സിസ്റ്റം റിക്വയർമെന്റ് സ്‌പെസിഫിക്കേഷൻസ്’ (എസ്‌ആർഎസ്) തയ്യാറാക്കുകയാണ്. വോട്ടവകാശമുള്ളവർക്ക് എവിടെനിന്നും ലോഗിൻ ചെയ്ത് വീഡിയോ കോൺഫറൻസ് വഴി ഗ്രാമസഭകളിൽ പങ്കെടുക്കാനാകും. വിദേശത്താണെങ്കിലും സ്വന്തം വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാം, അഭിപ്രായങ്ങളും നിർദേ ശങ്ങളും അവതരിപ്പിക്കാം.
നഗരസഭകളിൽ കഴിഞ്ഞവർഷംമുതൽ നടപ്പിലാക്കിയ കെ സ്മാർട്ട് ഏപ്രിൽ ആദ്യം മുഴുവൻ ത്രിതലപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ജൂണിൽ പരിഷ്‌കരിച്ച സുലേഖ സോഫ്‌റ്റ്‌വെയറും കെ സ്‌മാർട്ടുമായി സംയോജിപ്പിക്കുന്നതോടെ സേവനം കൂടുതൽ വിപുലീകരിക്കും.
നിലവിൽ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കുന്ന പദ്ധതികൾ ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കുന്ന നടപടികളാണ് സുലേഖ സോഫ്‌റ്റ്‌വെയർവഴി നടക്കുന്നത്. കെ സ്‌മാർട്ടുമായി സംയോജിപ്പിക്കുന്നതോടെ അതത് തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ട കെട്ടിട വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരം ലഭ്യമാകും. ഇത് വിശകലനം ചെയ്‌ത് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാം. പദ്ധതിയുടെ പുരോഗതിയും സ്ഥിതിവിവരവും പൊതുജനങ്ങൾക്ക് അറിയാനാകും. ക്ഷേമപെൻഷനുള്ള നടപടിയുൾപ്പെടെ ഓൺലൈനാകും. മൂന്നിടത്ത് പൈലറ്റ് റൺ നടക്കുന്നു.
ത്രിതല പഞ്ചായത്തുകളിൽ കെ സ്‌മാർട്ടിലൂടെ ലഭിക്കുന്ന സേവനങ്ങൾ
● ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്
● വസ്‌തു നികുതി
● കെട്ടിട നിർമാണ അനുമതി
● പൊതുജന പരാതി സ്വീകരിക്കൽ
● കൗൺസിൽ, പഞ്ചായത്ത് യോഗ നടപടികൾ
● വ്യാപാര ലൈസൻസ്
● വാടക, പാട്ടം
● തൊഴിൽ നികുതി
● പാരാമെഡിക്കൽ, ട്യൂട്ടോറിയൽ രജിസ്ട്രേഷൻ
● പെറ്റ് ലൈസൻസ്
● ഭൂമി സംബന്ധിച്ച വിവരങ്ങൾ
● മൊബൈൽ ആപ്പ്
● കോൺഫിഗറേഷൻ മൊഡ്യൂൾ
● സിവിൽ രജിസ്ട്രേഷൻ