കൊപ്ര സംഭരിക്കാൻ മൾട്ടി സ്റ്റേറ്റ് സഹകരണസംഘത്തെ ഏജൻസിയായി നിയമിച്ച് സർക്കാർ
ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയത്.
തിരുവനന്തപുരം: താങ്ങുവില നൽകി കൊപ്ര സംഭരിക്കാൻ മൾട്ടി സ്റ്റേറ്റ് സഹകരണസംഘത്തെ ഏജൻസിയായി നിയമിച്ച് സർക്കാർ. ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് ചുമതലപ്പെടുത്തിയത്. സംസ്ഥാനതല ഏജൻസിയാണെങ്കിലും തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സംഭരണച്ചുമതലയാണ് സംഘത്തിന് നൽകിയിട്ടുള്ളത്.
താങ്ങുവില പദ്ധതിപ്രകാരം കർഷകരിൽനിന്ന് കൊപ്ര സംഭരിച്ച് നാഫെഡിന് കൈമാറാനാണ് നിർദേശം. മാർക്കറ്റ് ഫെഡ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ എന്നിവയെ നേരത്തേ സർക്കാർ കൊപ്രസംഭരണ ഏജൻസിയായി നിശ്ചയിച്ചിരുന്നു.മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലൂടെ കേന്ദ്രസർക്കാർ സഹകരണമേഖലയിൽ പിടിമുറുക്കുകയാണെന്ന് സംസ്ഥാനസർക്കാർ ആരോപിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഒരു മൾട്ടി സ്റ്റേറ്റ് സഹകരണസംഘത്തെ ഔദ്യോഗിക ഏജൻസിയായി സംസ്ഥാനസർക്കാർ നിശ്ചയിക്കുന്നത് ആദ്യമായാണ്.പ്രാദേശികതലത്തിൽ സംഭരണസംവിധാനം ഇല്ലാത്തതിനാൽ കേരളത്തിൽ താങ്ങുവില നൽകിയുള്ള കൊപ്രസംഭരണം കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്.