പത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലി: റവന്യൂ അസംബ്ലി പതിറ്റാണ്ടിന്റെ പ്രശ്നപരിഹാര വേദിയെന്ന് മന്ത്രി വീണാ ജോര്‍ജ്

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന റവന്യൂ സംബന്ധിയായ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂ അസംബ്ലി ഉപകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ നടന്ന പത്തനംതിട്ട ജില്ലാ റവന്യൂ അസംബ്ലിയില്‍ സംഹാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുള മണ്ഡലത്തിലെയും ജില്ലയിലെയും വിഷയങ്ങള്‍ മന്ത്രി അസംബ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണന്‍ എംഎല്‍എ എന്നിവരുടെ ആവശ്യങ്ങളും അസംബ്ലിയില്‍ അവതരിപ്പിച്ചു.
അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രി കെ. രാജന്‍ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ലയിലെ എല്‍ടി പട്ടയങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്തു കഴിഞ്ഞു. 2021-23 കാലയളവില്‍ 598 പട്ടയങ്ങളും 2023-25 വരെ 535 പട്ടയങ്ങളും ഉള്‍പ്പടെ ജില്ലയില്‍ 1133 പട്ടയങ്ങള്‍ വിതരണം ചെയ്തു.
ജില്ലയിലെ എംഎല്‍എ ഡാഷ് ബോര്‍ഡ് വഴി 2021 ല്‍ ലഭിച്ച 20 പരാതികള്‍, 2022ല്‍ ലഭിച്ച 29 പരാതികള്‍, 2023 ല്‍ ലഭിച്ച 22 പരാതികള്‍, 2024 ല്‍ ലഭിച്ച 36 പരാതികള്‍ എന്നിവ പൂര്‍ണമായും തീര്‍പ്പാക്കിയത് മാതൃകാപരമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ജില്ലയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഓഗസ്റ്റ് 21 ന് ഇടുക്കി ജില്ലാ അസംബ്ലിക്കു ശേഷം യോഗഹാളില്‍ നിന്ന് മടങ്ങുമ്പോള്‍ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് ആദരാഞജലികള്‍ അര്‍പ്പിച്ചാണ് യോഗനടപടികള്‍ ആരംഭിച്ചത്.