കേരള ഫോറസ്റ്റ് അമന്‍ഡ്‌മെന്റ് ബില്‍ 2024 ജനദ്രോഹപരം: ഇന്‍ഫാം
ഇന്‍ഫാം ദേശീയ എക്യൂട്ടീവ് മീറ്റിംഗ് രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു
എറണാകുളം: കേരള വനംവകുപ്പ് പുതുതായി 2024 നവംബര്‍ ഒന്നിന് കേരള ഗസറ്റില്‍ ആധികാരികമായി പ്രസിദ്ധീകരിച്ച കേരള വനംവകുപ്പിന്റെ അമന്‍ഡ്‌മെന്റ് ബില്‍ 2024 ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇന്‍ഫാം ദേശീയ എക്യൂട്ടീവ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
1961 ലെ കേരള ഫോറസ്റ്റ് ആക്ടില്‍ പറഞ്ഞിരിക്കുന്ന നിയമത്തിന്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങള്‍ വരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വാറന്റോ മജിസ്‌ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുര്‍വിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ ബില്ലില്‍ കൊടുത്തിരിക്കുന്നതെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇത് രാജ്യത്തെ നിലവിലുള്ള നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. യാതൊരു ഉപാധിയും കൂടാതെ ഒരാളെ അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കുവാനുള്ള അധികാരം നല്‍കുന്ന ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 52ലും 63ലും ആണ് പ്രധാനമായും പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. ഈ ഭേദഗതികള്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളായി രംഗത്തിറങ്ങുമെന്ന് ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് പറഞ്ഞു.
ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സെക്രട്ടറി സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍, ദേശീയ കമ്മിറ്റി അംഗങ്ങളായ മാത്യു മാമ്പറമ്പില്‍, ജോയി തെങ്ങുംകുടി, സി.യു. ജോണ്‍, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മോനിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫോട്ടോ.....
ഇന്‍ഫാം ദേശീയ എക്യൂട്ടീവ് മീറ്റിംഗ് രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമീപം.