വയനാടിനായി ഒന്നിക്കാം: മ്യൂസിക് ആൽബം പുറത്തിറക്കി

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി ഓഡിയോ മ്യൂസിക് ആൽബം ഏറ്റുവാങ്ങി.

Aug 20, 2024
വയനാടിനായി ഒന്നിക്കാം: മ്യൂസിക് ആൽബം പുറത്തിറക്കി
for-wayanad-onnikam-music-album-released

 തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്ന് തയ്യാറാക്കിയ യേശുദാസ് ആലപിച്ച വയനാടിനായി ഒന്നിക്കുന്ന സന്ദേശം ഉൾക്കൊള്ളുന്ന സാന്ത്വനഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി ഓഡിയോ മ്യൂസിക് ആൽബം ഏറ്റുവാങ്ങി.

''ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ'' എന്നു തുടങ്ങുന്ന ഗാനം, വയനാടിന്റെ നൊമ്പരവും പുനർനിർമാണത്തിന്റെ പ്രതീക്ഷയും ഉൾച്ചേർന്നതാണ്. അസാധാരണവും അമ്പരപ്പിക്കുന്നതുമാണ് യേശുദാസിന്റെ ആലാപനമെന്ന് എം.എ ബേബി പറഞ്ഞു.

റഫീഖ് അഹമ്മദിന്റേതാണ് വരികൾ. നാനക് മൽഹാർ, ചാരുകേശി എന്നീ രാഗങ്ങളുടെ സ്വരചലനങ്ങൾ ഉപയോഗിച്ചാണ് സംഗീതസംവിധായകൻ രമേശ് നാരായൺ ഗാനം ചിട്ടപ്പെടുത്തിയത്. അമേരിക്കയിലെ സ്റ്റുഡിയോയിൽ യേശുദാസും തിരുവനന്തപുരത്ത് തമലത്തുള്ള സ്റ്റുഡിയോയിലിരുന്ന് രമേശ് നാരായണനും മൂന്നരമണിക്കൂർ ചിലവഴിച്ചാണ് ഗാനം റെക്കോർഡ് ചെയ്തത്.

ഗാനം കേട്ടുകഴിഞ്ഞപ്പോൾ യേശുദാസിന്റെ സംഗീതത്തിന് പ്രായമില്ല എന്ന് തനിക്കു മനസ്സിലായെന്ന് രമേശ് നാരായൺ പറഞ്ഞു. കേരളത്തിനോടുള്ള യേശുദാസിന്റെ അതിരില്ലാത്ത സ്‌നേഹമാണ് പാട്ടിൽ ഉൾച്ചേർന്നിട്ടുള്ളത്.

ചലച്ചിത്ര സംവിധായകൻ ടി.കെ രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. ദൃശ്യാവിഷ്‌കാരം നടത്തിയത് ചലച്ചിത്രകാരൻ വി പുരുഷോത്തമനാണ്. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ക്രിയേറ്റീവ് ഹെഡ് ആണ്. ഗാനത്തിന് കോറസ് പാടിയത് മധുവന്തി, മധുശ്രീ, ഖാലിദ്, സിജുകുമാർ എന്നിവരാണ്.

മ്യൂസിക് ആൽബത്തിന്റെ പ്രകാശനചടങ്ങിൽ സ്വരലയ ജനറൽസെക്രട്ടറി ഇ.എം നജീബ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി.വി സുഭാഷ്, രമേശ് നാരായൺ, മധുശ്രീ, കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു എന്നിവർ പങ്കെടുത്തു. ഗാനത്തിന്റെ വീഡിയോ ആൽബം ഈ ആഴ്ച റിലീസ് ചെയ്യും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.