വയനാട്: വായ്പകൾ പുനഃക്രമീകരിക്കും;എഴുതിത്തള്ളാൻ ബാങ്കുകൾ നിർദ്ദേശം സമർപ്പിക്കും
banks will submit proposals for write-offs
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളുന്നതിന് ബാങ്കുകൾ അവരവരുടെ ഡയറക്ടർ ബോർഡുകളിൽ നിർദ്ദേശം സമർപ്പിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിൽ ധാരണ. ദുരന്തബാധിതരുടെ പുനരധിവാസത്തിന് രാജ്യവും ലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
വായ്പ തിരിച്ചടവ് നടപടികളും ജപ്തിയടക്കമുള്ള നടപടികളും അക്കൗണ്ടുകളിൽ നിന്ന് വായ്പാ തവണകൾ ഓട്ടോമാറ്റിക്കായി പിടിക്കുന്ന നടപടികളും ഉടൻ നിറുത്തിവയ്ക്കും. ജൂലായ് 30നുശേഷം പിടിച്ച ഇ.എം.ഐ തിരിച്ചു നൽകും. 30 മാസത്തെ തിരിച്ചടവ് കാലവധിയിൽ ഈടില്ലാതെ 25,000 രൂപാവീതം വ്യക്തിഗത വായ്പ നൽകും. പഴയ വായ്പകൾ പരിഷ്കരിച്ച് പുതിയ വായ്പയാക്കാനും തീരുമാനിച്ചു. ഇന്നുമുതൽ നടപ്പാക്കും.
റിസർവ് ബാങ്ക്, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ വായ്പ എഴുതി തള്ളാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാധാരണഘട്ടങ്ങളിൽ എഴുതിത്തള്ളുന്ന വായ്പ ഗവൺമെന്റ് തിരിച്ചടയ്ക്കുന്ന സമീപനത്തിന് പ്രതീക്ഷിക്കാതെ, ബാങ്കുകൾ സ്വന്തം നിലയിൽ ദുരിതാശ്വാസ സഹായങ്ങൾക്ക് ഒപ്പം നിൽക്കണം. വിദ്യാഭ്യാസം,വീട്,കൃഷി തുടങ്ങിയ ആവശ്യങ്ങൾക്കായി വായ്പയെടുത്തവരാണ് ഭൂരിഭാഗവും. ഇതിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട വ്യക്തികളുണ്ട്. ബാങ്കുകളെ സംബന്ധിച്ചിടത്തോളം അവരുടെ ആകെ സാമ്പത്തിക ഇടപാടിന്റെ തുച്ഛമായ ഭാഗം മാത്രമായിരിക്കും ഇങ്ങനെ ചെയ്യുമ്പോൾ കുറവുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാർഷിക, കാർഷികാനുബന്ധ, ഇടത്തരം, ചെറുകിട വ്യവസായ, വിദ്യാഭ്യാസ, ഭവനവായ്പകൾ പുനഃക്രമീകരിച്ച് മാസഅടവ് പരിഷ്കരിക്കും. ഉദാരവ്യവസ്ഥയിൽ പുതിയ ജീവിതോപാധി വായ്പകൾ നൽകും
ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ വരുന്ന തുക വായ്പാതിരിച്ചടവിലേക്ക് വകമാറ്റില്ല.
ഇൻഷ്വറൻസ്, നികുതികൾ, വൈദ്യുതി, വാട്ടർബില്ലുകൾ എന്നിവയുടെ അടവുകൾ തുടങ്ങിയതുമായി ബന്ധപ്പെട്ട് നാഷണൽ ഓട്ടോമേറ്റഡ് ക്ളിയറിംഗ് ഹൗസ് നടപടികളും നിറുത്തിവയ്ക്കും.