‘സമയ ഉപയോഗ സർവേ(TUS)യുമായി ബന്ധപ്പെട്ട ഡേറ്റാ ഉപയോക്താക്കളുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച് തിരുവനന്തപുരം
സമ്മേളനം സംഘടിപ്പിച്ചതു കേന്ദ്ര സ്ഥിതിവിവര-പദ്ധതിനിർവഹണ മന്ത്രാലയത്തിന്റെയും സിഡിഎസിന്റെയും ആഭിമുഖ്യത്തിൽ

കേന്ദ്ര സ്ഥിതിവിവര-പദ്ധതിനിർവഹണ മന്ത്രാലയത്തിനു (MoSPI) കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO), സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (CDS) സഹകരണത്തോടെ ‘സമയ ഉപയോഗ സർവേ(TUS)യുമായി ബന്ധപ്പെട്ട ഡേറ്റാ ഉപയോക്താക്കളുടെ സമ്മേളനം 2024’ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് 2025 സെപ്റ്റംബർ 22-നാണു സമ്മേളനം സംഘടിപ്പിച്ചത്.
ഉദ്ഘാടന സെഷനിൽ MoSPI സെക്രട്ടറി ഡോ. സൗരഭ് ഗാർഗ് ‘വികസനത്തിനായി ഡേറ്റ’ എന്ന കാഴ്ചപ്പാട് ഉയർത്തിക്കാട്ടി. ജിഡിപിക്കൊപ്പം ലിംഗ അസമത്വങ്ങളും പരിചരണ സമ്പദ്‌വ്യവസ്ഥയും ക്ഷേമവും കണക്കാക്കുന്നതിൽ TUS-ന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. സമ്മേളനത്തിൽ മുഖ്യാതിഥിയായ മുൻ ക്യാബിനറ്റ് സെക്രട്ടറി ശ്രീ കെ എം ചന്ദ്രശേഖർ സാമ്പത്തിക-മാനുഷിക വികസനം പിന്തുടരുന്നതിൽ ഡേറ്റയുടെ പങ്ക് എടുത്തുകാട്ടി. സിഡിഎസ് ഡയറക്ടർ പ്രൊഫ. വീരമണി, സെന്റർ ഫോർ ഡെവലപ്‌മെന്റ് ആൾട്ടർനേറ്റീവ്‌സിന്റെ മുൻ ഡയറക്ടർ ഡോ. ഇന്ദിര ഹിർവേ എന്നിവരും സംസാരിച്ചു. TUS ഡേറ്റ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആഗോള നിലവാരങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം സമ്മേളനത്തിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു. TUS ഡേറ്റയുടെ നയപരമായ പ്രസക്തിയെക്കുറിച്ചു ചർച്ചചെയ്ത പരിപാടിയിൽ ഗവേഷകർ, നയരൂപകർത്താക്കൾ, സാമ്പത്തിക വിദഗ്ധർ, മാധ്യമപ്രതിനിധികൾ എന്നിവരുൾപ്പെടെ 175 പേർ പങ്കെടുത്തു.
“പുതിയ ഡിജിറ്റൽ യുഗത്തിലെ സമയ ഉപയോഗത്തിന്റെയും പരിചരണ പ്രവർത്തനത്തിന്റെയും ലിംഗഭേദത്തിന്റെയും മാറുന്ന രീതികൾ” എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ഡിജിറ്റൽ പ്രവേശനം, വേതനരഹിത പരിചരണ പ്രവർത്തനങ്ങൾ, സാമ്പത്തിക വിലയിരുത്തലുകളിൽ സ്ത്രീകളുടെ സമയ ഉപയോഗത്തിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾക്കു ചർച്ചകൾ വഴിയൊരുക്കി. ഇന്ത്യയിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ മെച്ചപ്പെടുത്തുന്നതിനുള്ള MoSPI-യുടെ പ്രതിജ്ഞാബദ്ധത സമ്മേളനം ആവർത്തിച്ചുറപ്പിച്ചു.