പ്രവാസികൾക്കുള്ള സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിൽ കേരളം മാതൃക: മുഖ്യമന്ത്രി പിണറായി വിജയൻ

*പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർ' സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Sep 22, 2025
പ്രവാസികൾക്കുള്ള  സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിൽ കേരളം മാതൃക: മുഖ്യമന്ത്രി പിണറായി വിജയൻ
PRAVASI INSURANCE

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി മലയാളികൾക്കായുള്ള 'നോർക്ക കെയർസമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരത്ത്  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു  സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയർന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോൾ  നിറവേറ്റപ്പെടുന്നത്. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് 'നോർക്ക കെയർഎന്ന പേരിൽ പ്രവാസികൾക്കായി സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് നോർക്ക കെയർ. ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ഈ സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്കു മാത്രമായി രാജ്യത്ത്  ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണിത്. നോർക്കയുടെ ഐഡി കാർഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളും ഇതിന്റെ പരിധിയിൽ വരും. ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. മാത്രമല്ലപോളിസി എടുക്കുന്നതിന് മുൻപുള്ള രോഗങ്ങൾക്കും കാത്തിരിപ്പ് കാലം ഒഴിവാക്കി ക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ഇതുവഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിൽ രാജ്യത്തിനുള്ളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലുംഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചുകൊണ്ട് നമ്മുടെ നാടിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുന്നവരാണ് പ്രവാസികൾ. അതുകൊണ്ടുതന്നെ പ്രവാസികളെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്.

പ്രവാസത്തിനു മുമ്പ്പ്രവാസകാലംപ്രവാസത്തിന് ശേഷം എന്നിങ്ങനെയുള്ള മൂന്ന് ഘട്ടങ്ങളിലും വ്യക്തികൾക്കാവശ്യമായ സേവനക്ഷേമ കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ നോർക്കയ്ക്ക് സാധിക്കുന്നുണ്ട്. ഇതിന് സമാനമായൊരു സംവിധാനം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല എന്ന കാര്യവും ഓർമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

കഴിഞ്ഞ 9 വർഷങ്ങളായി പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും താങ്ങും തണലുമാകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2016 ന് മുമ്പ് 13 പദ്ധതികളാണ് പ്രവാസിക്ഷേമത്തിനായി ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 20 പദ്ധതികളായി വർധിച്ചു. വിവിധ പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം അനുവദിച്ച  തുക  150.81 കോടി രൂപയാണ്.

നോർക്കയുടെ ജോബ് പോർട്ടൽപ്രവാസികളാകാൻ താൽപര്യപ്പെടുന്നവർക്കുവേണ്ടി നടത്തുന്ന നൈപുണ്യ വികസന പരിപാടികൾമലയാളി നഴ്‌സുമാരെ ജർമനിയിൽ ജോലിക്കയക്കുന്ന ട്രിപ്പിൾ വിൻ പ്രൊജക്ട്തൊഴിൽ റിക്രൂട്ട്‌മെന്റിനായി ജപ്പാൻദക്ഷിണ കൊറിയനെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുമായി ഏർപ്പെടുത്തിയിട്ടുള്ള കരാർപ്രവാസി ലീഗൽ എയ്ഡ് സെൽസാന്ത്വനം പദ്ധതിപ്രവാസി ഡിവിഡന്റ് സ്‌കീംഎന്നിങ്ങനെ ഒട്ടനവധി പദ്ധതികളാണ് സംസ്ഥാനത്ത് കാര്യക്ഷമമായി നടന്നുവരുന്നത്.

ലോക കേരളസഭയുടെ സമ്മേളനങ്ങളിൽ ഉരുത്തിരിയുന്ന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനായി ഏഴു മേഖലാ കേന്ദ്രിത സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിച്ചു. ലോക കേരളസഭ സെക്രട്ടേറിയറ്റ് അവയുടെ പ്രവർത്തനങ്ങൾ കൃത്യമായി അവലോകനം ചെയ്തു. ഇതിന്റെയൊക്കെ ഫലമായാണ് ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്എൻ ആർ ഐ നിർമ്മാണക്കമ്പനിഎൻ ആർ ഐ സഹകരണ സൊസൈറ്റിനോർക്ക റൂട്ട്‌സിൽ ആരംഭിച്ച വിമൻസ് സെൽസി ഡി എസ്സിലെ അന്താരാഷ്ട്ര മൈഗ്രേഷൻ സെന്റർതുടങ്ങിയവയൊക്കെ യാഥാർത്ഥ്യമായത്.

ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ സമഗ്ര ആരോഗ്യ-അപകട ഇൻഷ്വറൻസ് പദ്ധതിയും ആരംഭിച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ ഗ്ലോബൽ രജിസ്‌ട്രേഷൻ ഡ്രൈവ് ഇന്നു മുതൽ ഒക്‌ടോബർ 22 വരെ നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നോർക്ക നടപ്പിലാക്കുന്ന 'നോർക്ക കെയർഇൻഷുറൻസ് പദ്ധതി അങ്ങേയറ്റം മാതൃകാപരമാണെന്നും സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതി ഇതിന്  പ്രചോദനമായെന്നും  ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ,  നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർനോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ.വി. മുസ്തഫലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ അസീഫ് കെ. യൂസഫ്ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഗിരിജ സുബ്രഹ്മണ്യംകേരള നോൺ-റസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ബോർഡ് ചെയർപേഴ്സൺ ഗഫൂർ പി. ലില്ലിസ്ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബാജു ജോർജ്നോർക്ക റൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.